Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി കൂപ്പറിൽ രണ്ടു കോടിയുടെ സ്വർണം

mini-cooper-convertible Mini Cooper Convertible

ഇറ്റാലിയൻ ജോബ് എന്ന ചിത്രം കാണാത്തവർ ചുരുക്കമായിരിക്കും. നാലു മിനി കൂപ്പറുകൾ ഉപയോഗിച്ച് മോഷ്ടിച്ച സ്വർണ്ണം കടത്തുന്ന ചിത്രത്തിലെ കാർ ചെയ്സ് വാഹനപ്രേമികളെ ത്രസിപ്പിക്കുന്നതാണ്. ആ സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സ്വർണ്ണം കടത്തിയിരിക്കുന്നു, അതു നമ്മുടെ സ്വന്തം കൊച്ചിയിൽ. ‌‌ ദുബായ്‌യിൽ നിന്ന് കൊച്ചിയിലേയ്ക്ക് കപ്പൽ മാർഗം കൊണ്ടുവന്ന മിനി കൂപ്പർ കൺവേർട്ടബിളിലാണ് സ്വർണ്ണം കണ്ടെത്തിയത്. കാർനെറ്റ് വഴി ആറുമാസത്തേയ്ക്ക് ഇറക്കുമതി ചെയ്ത കാറിന്റെ ഇന്ധനടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു 7.5 കിലോ സ്വർണം. 24 കാരറ്റ് സ്വർണ ചെയിന് ഏകദേശം 2 കോടിരൂപ വില വരുമെന്നാണ് കസ്റ്റംസ് അറിയിച്ചത്.

സ്വര്‍ണം കൊച്ചി കസ്‌റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ്‌ ആന്‍ഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ബ്രാഞ്ചിന് (എസ്‌ ഐ ഐ ബി) ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണം പിടിച്ചത്. ഏകദേശം 33 ലക്ഷം രൂപ വരുന്ന മിനി കൂപ്പർ കൺവേർട്ടബിളിന്റെ 2013 മോഡൽ ദുബായ് രജിസ്ട്രേഷനിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കള്ളക്കടത്തു സ്വര്‍ണവുമായി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഇറക്കിയ കാര്‍ ഏറ്റുവാങ്ങാനെത്തിയ മംഗളുരു സ്വദേശി മുഹമ്മദ്‌ പിടിയിലുമായിട്ടുണ്ട്.

ദുബായില്‍ വ്യവസായിയായ പ്രധാനപ്രതിയുടെ ജീവനക്കാരനാണു മുഹമ്മദ്‌ എന്നും കസ്‌റ്റംസ്‌ വ്യക്‌തമാക്കി. രണ്ടുദിവസംമുമ്പ്‌ തുറമുഖത്തെത്തിയ കാര്‍ കസ്‌റ്റംസ്‌ ക്ലിയറന്‍സിനായി എത്തിച്ചപ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന്‌ പരിശോധിച്ച കസ്‌റ്റംസ്‌ സംഘം ഇന്ധനടാങ്കില്‍നിന്ന്‌ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 2013 മോഡൽ മിനി കൂപ്പർ കൺവേർട്ടബിളിൽ 1499 സിസി ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. 6000 ആർപിഎമ്മിൽ 122 ബിഎച്ച്പി കരുത്തും 4250 ആർപിഎമ്മിൽ 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിന്റെ പരമാവതി വേഗത 191 കിലോമീറ്ററാണ്. 11.1 സെക്കന്റുകൾകൊണ്ട് വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കും.