Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയൽ വിമാന ടയർ നിർമാണം വർധിപ്പിക്കാൻ ഗുഡ്ഇയർ

good-year

ഏഷ്യ പസഫിക് മേഖലയിലെ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് 16.20 കോടി ഡോളർ(ഏകദേശം 1085.33 കോടി രൂപ) ചെലവിൽ റേഡിയൽ ഏവിയേഷൻ ടയർ ഉൽപ്പാദനശേഷി വർധിപ്പിക്കുമെന്നു യു എസിൽ നിന്നുള്ള ടയർ നിർമാതാക്കളായ ഗുഡ്ഇയർ തായ്ലൻഡ് പി സി എൽ. ബാങ്കോക്കിനു വടക്കുള്ള ഫാത്തുംതനി ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താനാണു ഗുഡ്ഇയറിന്റെ പദ്ധതി. ഏൺസ്റ്റ് ആൻഡ് യങ് കോർപറേറ്റ് സർവീസസ് ലിമിറ്റഡാണു പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിലെ ഉപദേശകർ.

വിമാനക്കമ്പനികൾ വിമാനങ്ങളുടെ ടയറുകൾ ബയസ് ടയറുകളിൽ നിന്നു റേഡിയലുകളിലേക്കു മാറ്റുന്നതിനാൽ ഈ മേഖലയിൽ മികച്ച സാധ്യതയുണ്ടെന്നു ഗുഡ്ഇയർ തായ്ലൻഡ് മാനേജിങ് ഡയറക്ടർ ഫിൻബാർ ഒകോണർ വെളിപ്പെടുത്തി. ഉൽപ്പാദനശേഷി ഉയർത്തുന്നതോടെ ഈ വിപണിയിൽ മികച്ച വിഹിതം നേടാൻ ഗുഡ്ഇയറിനു സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന വികസനത്തിന്റെ ആദ്യ ഘട്ടം 2018ൽ പൂർത്തിയാക്കാനാവുമെന്നാണു ഗുഡ്ഇയറിന്റെ കണക്കുകൂട്ടൽ.

തായ്ലൻഡിലെ യൂണിറ്റിന്റെ 66.8% ഓഹരികളാണു യു എസ് ആസ്ഥാനമായ ഗുഡ്ഇയർ ടയർ ആൻഡ് റബർ കമ്പനിയുടെ പക്കലുള്ളത്. കാറുകൾക്കും വാണിജ്യ ട്രക്കുകൾക്കുമുള്ള ഒറിജിനൽ എക്വിപ്മെന്റ്, റീപ്ലേസ്മെന്റ് ടയറുകളും റീട്രെഡ് ടയറുകളുമാണു ഗുഡ്ഇയർ തായ്ലൻഡ് നിർമിക്കുന്നത്. ആഭ്യന്തര വിപണിക്കു പുറമെ വിദേശ രാജ്യങ്ങളിലും തായ് നിർമിത ടയറുകൾ ഗുഡ്ഇയർ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. നിലവിൽ ആയിരത്തോളം ജീവനക്കാരാണു ബാങ്കോക്ക് ശാലയിലുള്ളത്; വികസന പദ്ധതികളുടെ ഭാഗമായി 100 പേർക്കു കൂടി ജോലി നൽകാൻ കമ്പനിക്കു പദ്ധതിയുണ്ട്.
 

Your Rating: