Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയം ഓടുന്ന കാറിനെ ഹോണടി പഠിപ്പിക്കാൻ ഗൂഗിൾ

google-car-1

ഡ്രൈവറുടെ സാന്നിധ്യമില്ലാതെ സ്വയം ഓടുന്ന കാറുകളെ ഹോൺ മുഴക്കാൻ പഠിപ്പിപ്പിച്ചു തുടങ്ങിയതായി ഈ മേഖലയിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച ഗൂഗിൾ. സെൽഫ് ഡ്രൈവിങ് കാർ പദ്ധതിയെക്കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടിലാണു ഹോൺ അലോഗരിതം സംബന്ധിച്ച പരീക്ഷണം ആരംഭിച്ച വിവരം ഇന്റർനെറ്റ് മേഖലയിലെ ഭീമൻമാരായ ഗൂഗിൾ വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ കാറിനുള്ളിൽ തന്നെ ഹോൺ മുഴങ്ങുന്ന തരത്തിലുള്ള പരീക്ഷണങ്ങളാണു ഗൂഗിൾ നടത്തുന്നത്. ശബ്ദം പുറത്തു കേട്ടാൽ മറ്റു ഡ്രൈവർമാർക്ക് ഉണ്ടാവാൻ സാധ്യതയുള്ള ആശയക്കുഴപ്പം മുൻനിർത്തിയാണു ഗൂഗിളിന്റെ ഈ ആത്മനിയന്ത്രണം.

കുമിളയുടെ ആകൃതിയിലുള്ള ഗൂഗിളിന്റെ കുഞ്ഞൻ കാർ 2015 ജൂണിൽ വടക്കൻ കലിഫോണിയയിലെ സാൻഫ്രാൻസിസ്കൊ ബേ ഏരിയയിലുള്ള മൗണ്ടൻ വ്യൂവിലെ പൊതു നിരത്തിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 2009ൽ ആരംഭിച്ച പദ്ധതിയിൽ വികസിപ്പിച്ച കാർ മാതൃകകൾ ഓസ്റ്റിൻ, ടെക്സസ്, സാൻ ഫ്രാൻസിസ്കൊ മേഖലകളിലായി നടത്തിയ പരീക്ഷണ ഓട്ടം ഇതുവരെ 16 ലക്ഷത്തിലേറെ കിലോമീറ്ററാണു പിന്നിട്ടത്. സ്വയം ഓടുന്ന കാറുകളുടെ ശേഷി വികസനത്തിലെ സുപ്രധാന ചുവടുവയ്പായിട്ടാണു ഹോൺ അലഗരിതം പരീക്ഷണം വിലയിരുത്തപ്പെടുന്നത്. മനുഷ്യർക്കിടയിൽ കാർ ഓടിക്കാൻ റോബോട്ടുകളെ പ്രാപ്തരാക്കുക എന്ന ബൃഹദ് പദ്ധതി യാഥാർഥ്യമാക്കാൻ യന്ത്രമനുഷ്യരെ പരിപാലിക്കേണ്ട നിയമങ്ങൾ മാത്രം പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല.

നിലവിലുള്ള നിയമങ്ങളെ സൗകര്യപൂർവം അവഗണിക്കുകയോ മറികടക്കുകയോ ചെയ്യാവുന്ന സാഹചര്യങ്ങൾ കൂടി യന്ത്രമനുഷ്യരെ പഠിപ്പിക്കാനാണു ഗൂഗിളിന്റെ ശ്രമം. അതുകൊണ്ടുതന്നെ ഈ പദ്ധതിയിലൂടെ സാംസ്കാരികമായ പരിവർത്തനത്തിനു കൂടിയാണു ഗൂഗിൾ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ. മര്യാദ, പ്രതിപക്ഷ ബഹുമാനം, മറ്റുള്ളവരോട് അർഹമായ പരിഗണന എന്നിവ ആധാരമാക്കിയാണു സ്വയം ഓടുന്ന കാറുകൾ വികസിപ്പിക്കുന്നതെന്നു ഗൂഗിൾ മുമ്പേ വ്യക്തമാക്കിയതാണ്. മറ്റുള്ളവരുടെ കൂടി സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടു മാത്രമാവും ഈ കാറുകൾ ഹോൺ മുഴക്കുകയെന്നും ഗൂഗിൾ വിശദീകരിക്കുന്നു. രണ്ടു തരം ശബ്ദങ്ങളാണു ഗൂഗിൾ സ്വയം ഓടുന്ന കാറുകളിൽ ക്രമീകരിക്കുന്നത്: മര്യാദാപൂർവം മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനായി രണ്ടു ഹൃസ്വമായ, കാഠിന്യം കുറഞ്ഞ ശബ്ദം. പിന്നെ അടിയന്തര സാഹചര്യത്തിൽ മറ്റുള്ളവർ ശ്രദ്ധിക്കാനായി കാഠിന്യമേറിയ, നീണ്ട ശബ്ദവും.
 

Your Rating: