Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുഗതാഗത സംവിധാനത്തിൽ ഇനി ജി പി എസ്, സി സി ടിവി

Google Maps Navigation on a Samsung S6 smartphone

പൊതുഗതാഗത സംവിധാനത്തിലെ യാത്രക്കാരുടെ, പ്രത്യേകിച്ചു വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി വരുന്നു. ഗ്ലോബൽ പൊസിഷനിങ് സംവിധാന(ജി പി എസ്)മോ വെഹിക്കിൾ ട്രാക്കിങ് ഡിവൈസോ നിർബന്ധമാക്കുന്നതിനു പുറമെ അപകട വേളയിൽ സഹായം അഭ്യർഥിക്കാനുള്ള അലെർട്ട് ബട്ടനും ക്ലോസ്ഡ് സർക്യൂട്ട് ടി വി(സി സി ടിവി) കാമറകളുമൊക്കെ കർശനമായി നടപ്പാക്കാനാണു കേന്ദ്ര സർക്കാർ നീക്കം. ഇരുപത്തി മൂന്നിലേറെ പേർക്കു യാത്ര ചെയ്യാവുന്ന വാഹനങ്ങളിൽ നടപ്പാക്കുന്ന സുരക്ഷാ ക്രമീകരണം സംബന്ധിച്ച കരട് വിജ്ഞാപനമാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചത്.

ഇതനുസരിച്ച് ജി പി എസ് അഥവാ ട്രാക്കിങ് സംവിധാനവും അലെർട്ട് ബട്ടനും സി സി ടിവിയും വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുണ്ട്. 23 പേരിൽ താഴെയാണു സീറ്റെങ്കിൽ വെഹിക്കിൾ ട്രാക്കിങ് എമർജൻസി ബട്ടനുകൾ മാത്രം ഉറപ്പാക്കണമെന്നാണു വ്യവസ്ഥ. വാഹനങ്ങളിലെ സുരക്ഷാ സംവിധാനം നിർമാതാക്കളോ ഡീലർമാരോ ഓപ്പറേറ്റർമാരോ ഉറപ്പാക്കിയാൽ മതിയെന്നും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. ഇരുചക്രവാഹനം, ചരക്ക് വാഹനം തുടങ്ങി മോട്ടോർ വാഹന നിയമ പ്രകാരം പെർമിറ്റ് ആവശ്യമില്ലാത്ത വിഭാഗങ്ങളെ ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.


നിർഭയ ഫണ്ടിനു കീഴിലെ ആദ്യ പദ്ധതിയായി യു പി എ സർക്കാരാണ് 2014 ജനുവരിയിൽ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ അംഗീകരിച്ചത്. 32 നഗരങ്ങളിലെ പൊതുഗതാഗത സംവിധാനത്തിൽ പാനിക് ബട്ടൻ, സി സി ടി വി കാമറ, ജി പി എസ് ഉപകരണം എന്നിവ ഘടിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ ഈ പദ്ധതി ഇതുവരെയും പ്രാബല്യത്തിലെത്തിയില്ല. 2012 ഡിസംബറിൽ രാജ്യതലസ്ഥാനത്ത് ഓടുന്ന ബസ്സിൽ ക്രൂരമായ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട 23കാരിയുടെ സ്മരണാർഥമാണു നിർഭയ ഫണ്ട് രൂപീകൃതമായത്. പൊതുഗതാഗത രംഗത്തെ വാഹനങ്ങൾ ഓടുന്ന റൂട്ടുകൾ തിരിച്ചറിയാനും വാഹനങ്ങളെ പിന്തുടരാനും ശബ്ദ, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ അപായ സൂചന ലഭ്യമാക്കാനും അടിയന്തര സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കാൻ പാനിക് ബട്ടൻ ഘടിപ്പിക്കാനുമൊക്കെയായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്.
 

Your Rating: