Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമീണ റോഡ് നിർമാണം ലക്ഷ്യം കൈവരിച്ചേക്കും

ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനുള്ള പ്രധാൻ മന്ത്രി ഗ്രാം സഡക് യോജ്ന(പി എം ജി എസ് വൈ) നടപ്പു സാമ്പത്തിക വർഷം ലക്ഷ്യം കൈവരിക്കുമെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു പ്രതീക്ഷ. 2016 — 17ൽ രാജ്യത്ത് മൊത്തം 48,812 കിലോമീറ്റർ ഗ്രാമീണ റോഡ് നിർമിക്കാനാണു പി എം ജി എസ് വൈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണ ജനുവരി മുതൽ മേയ് വരെയുള്ള കാലത്ത് റോഡ് നിർമാണം ഗതിവേഗമാർജിക്കുന്നതിനാൽ മാർച്ച് 31നകം ഈ ലക്ഷ്യത്തിലെത്തുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ 27ലെ നിലയനുസരിച്ച് ഈ പദ്ധതിയിൽ 32,963 കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നിർമാണമാണു പൂർത്തിയായത്; പി എം ജി എസ് വൈയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 67.53 ശതമാനമാണിത്. നടപ്പു സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 111 കിലോമീറ്റർ പുതിയ റോഡാണ് ഈ പദ്ധതിപ്രകാരം നിർമിച്ചത്. എന്നാൽ വാർഷിക ലക്ഷ്യം കൈവരിക്കാൻ പ്രതിദിനം 133 കിലോമീറ്റർ റോഡ് നിർമിക്കേണ്ടതുണ്ട്.

മുൻവർഷങ്ങളിൽ പി എം ജി എസ് വൈ പദ്ധതിയുടെ പ്രകടനം ഇപ്രകാരമായിരുന്നു:

സാമ്പത്തിക വർഷം ജനുവരിക്കുള്ളിൽ പൂർത്തിയായത് (കിലോമീറ്ററിൽ) ജനുവരിക്കകം ബന്ധിപ്പിക്കപ്പെട്ട ഗ്രാമങ്ങൾ(എണ്ണം)
2011 — 2012
21750 4142
2012 — 2013 18080 5491
2013 — 2014 16914 4670
2014 — 2015 26650 8368
2015 — 2016 25709 5903
2016 — 2017 32963 6473
ആകെ 142067 35047

കൂടാതെ റോഡ് നിർമാണത്തിനായി പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളും പ്ലാസ്റ്റിക് മാലിന്യം, കോൾഡ് മിക്സ്, ഭൂവസ്ത്രം, ഫ്ളൈ ആഷ്, ചെമ്പ്, ഇരുമ്പ് സ്ലാഗ് തുടങ്ങിയ പാരമ്പര്യേതര സാമഗ്രികളും പ്രയോജനപ്പെടുത്തിയതും ഇക്കൊല്ലത്തെ നേട്ടമായി മന്ത്രാലയം കരുതുന്നു. പ്രാദേശികമായി സുഗമമായി ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് ചെലവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാൻ മാത്രമല്ല റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാവാനും സഹായിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
പി എം ജി എസ് വൈ നിലവിൽ വന്ന 2000 മുതൽ 2014 വരെയുള്ള കാലത്തിനിടെ 806.93 കിലോമീറ്റർ റോഡിന്റെ നിർമാണത്തിൽ മാത്രമാണ് ഇത്തരം സാങ്കേതികവിദ്യകളും വസ്തുക്കളും ഉപയോഗിച്ചത്. എന്നാൽ 2014 മുതലുള്ള രണ്ടു വർഷത്തിനിടെ 2,634.02 കിലോമീറ്റർ റോഡിന്റെ നിർമാണത്തിൽ ഇത്തരം സങ്കേതകങ്ങൾ പ്രോജനപ്പെടുത്തി. നടപ്പു സാമ്പത്തിക വർഷമാവട്ടെ മൂവായിരത്തോളം കിലോമീറ്റർ റോഡ് ഇത്തരത്തിലാണു യാഥാർഥ്യമാക്കിയതെന്നും മന്ത്രാലയം അവകാശപ്പെട്ടു.  

Your Rating: