Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോൾ: ഗുജറാത്തിൽ സ്വകാര്യ കാറുകൾക്ക് ‘സ്വാതന്ത്യ്രം’

Toll-Booth

ത്രിചക്ര വാഹനങ്ങളും കാറുകളുമടക്കമുള്ള ചെറു വാഹനങ്ങളെ സ്വാതന്ത്യ്ര ദിനം മുതൽ ഗുജറാത്ത് സർക്കാർ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ളതെന്നു വ്യാഖ്യാനിക്കപ്പെടുന്ന ഈ തീരുമാനം സംസ്ഥാന മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലാണു പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സംസ്ഥാന, ദേശീയ പാതകളിലെ ടോൾ പിരിവിൽ നിന്നാണ് ഈ 15 മുതൽ ത്രിചക്ര വാഹനങ്ങളെയും കാറുകളെയും ഒഴിവാക്കുന്നത്.  അതേസമയം, സ്വകാര്യ കാറുകളെ മാത്രമാവും ടോൾ പിരിവിൽ നിന്ന് ഒഴിവാക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ടാക്സികളും മറ്റു വാണിജ്യ വാഹനങ്ങളും മുമ്പത്തെ പോലെ ടോൾ അടയ്ക്കേണ്ടിവ രും.

വൽസാദിൽ ഗിരിവർഗ വിഭാഗത്തിന് ആധിപത്യമുള്ള കപ്രദ താലൂക്കിലെ ബൽചോണ്ടി ഗ്രാമത്തിൽ നടന്ന അംര വൻ മഹോത്സവിലായിരുന്നു ടോൾ പിരിവിലെ ഇളവ് സംബന്ധിച്ചു മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ നിർണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കനത്ത മഴയുടെ അകമ്പടിയോടെ അരങ്ങേറിയ ഉദ്ഘാടന ചടങ്ങിൽ ടോൾ പിരിവിൽ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം 15ന് പുറത്തിറങ്ങുമെന്നും അവർ വ്യക്തമാക്കി. ഇളവ് അനുവദിക്കുന്നതു മൂലം ടോൾ ബൂത്തുകൾ നേരിടുന്ന നഷ്ടം സംസ്ഥാന സർക്കാർ നികത്തുമെന്നും അവർ വിശദീകരിച്ചു. ഗുജറാത്തിൽ മൊത്തം അൻപതോളം ടോൾ ബൂത്തുകൾ ഉണ്ടെന്നാണു കണക്ക്; ത്രിചക്ര വാഹനങ്ങൾക്കും സ്വകാര്യ കാറുകൾക്കും ഇളവ് അനുവദിക്കുന്നതോടെ ബൂത്തുകളുടെ വരുമാനത്തിൽ 80 — 100 കോടി രൂപയുടെ നഷ്ടം നേരിടുമെന്നാണു കണക്കാക്കുന്നത്. ഇത്തരം വാഹനങ്ങൾക്ക് ദേശീയ പാതകളിൽ നിന്നു കൂടി ടോൾ ഒഴിവാക്കുമ്പോൾ ബൂത്ത് ഉടമകളുടെ വാർഷിക വരുമാനത്തിലെ മൊത്തം നഷ്ടം 250 കോടി രൂപയോളമായി ഉയരും.

ഗുജറാത്തിൽ 19,761 കിലോമീറ്റർ നീളത്തിൽ 31 സംസ്ഥാന പാതകളാണുള്ളത്; സംസ്ഥാനത്തു കൂടി കടന്നു പോകുന്ന 12 ദേശീയ പാതകളുടെ ആകെ നീളം 4,034 കിലോമീറ്ററാണ്. ടോൾ ബൂത്ത് ഉടമകളുടെ നഷ്ടം നികത്താനുള്ള അധിക വരുമാനം എങ്ങനെ കണ്ടെത്തുമെന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ വിശദീകരണമൊന്നും നൽകിയിട്ടില്ല. എങ്കിലും ദേശീയ പാതയിലേതടക്കം സംസ്ഥാനത്തെ മുഴുവൻ ടോൾ ബൂത്തുകളിലും മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തിലെത്തുമെന്നു സംസ്ഥാന ഗതാഗത മന്ത്രി വിജയ് രുപാണി സ്ഥിരീകരിച്ചു. ദേശീയ പാതയിലെ ടോൾ ബൂത്തുകൾ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിലല്ല എന്നത് പ്രശ്നമാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ടോൾ ബൂത്ത് ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി ഈ പരിമിതി മറികടക്കാനാണു ഗുജറാത്ത് സർക്കാരിന്റെ ശ്രമം.  

Your Rating: