Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലി ഡേവിഡ്സന്റെ വൈദ്യുത ബൈക്ക് 5 വർഷത്തിനകം

harley-e-bike Harley Davidson Project Livewire

വൈദ്യുതിയിൽ ഓടുന്ന മോട്ടോർ സൈക്കിൾ നിരത്തിലിറക്കുമെന്നു യു എസിൽ നിന്നുള്ള ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ. അഞ്ചു വർഷത്തിനകം ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ബൈക്ക് നിരത്തിലെത്തുമെന്നാണു കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്(ഗ്ലോബൽ ഡിമാൻഡ്) സീൻ കണ്ണിങ്സ് നൽകുന്ന സൂചന. വൈദ്യുത ബൈക്ക് നിർമാണം ലക്ഷ്യമിട്ടു രണ്ടു വർഷം മുമ്പ് കമ്പനി ലൈവ് വയർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. മിഷൻ മോട്ടോഴ്സുമായി സഹകരിച്ചാണ് അന്നു ഹാർലി ഡേവിഡ്സൻ വൈദ്യുത ബൈക്കിന്റെ മാതൃക പ്രദർശിപ്പിച്ചത്. ഹാർലി ഡേവിഡ്സനിൽ നിന്നുള്ള വൈദ്യുത ബൈക്കിനെക്കുറിച്ച് വാഹന പ്രേമികളുടെ അഭിപ്രായം അറിയാനായി കമ്പനി ലൈവ് വയറിനെ യു എസിൽ പര്യടനത്തിനും അയച്ചിരുന്നു. പലർക്കും ഈ ആശയം ഇഷ്ടമായെങ്കിലും കടുത്ത ഹാർലി ആരാധകർ വൈദ്യുത ബൈക്കിനെതിരെ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് ലൈവ് വയർ പദ്ധതിയെപ്പറ്റി ഹാർലി ഡേവിഡ്സൻ ഇതുവരെ മൗനത്തിലായിരുന്നു.

harley-e-bike-2 Harley Davidson Project Livewire

ഇപ്പോഴിതാ വീണ്ടും വൈദ്യുത മോട്ടോർ സൈക്കിളിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ പങ്കുവയ്ക്കുകയാണ്. ‘വി ട്വിൻ’ ആർക്കിടെക്ചറിന്റെ ആധുനിക പതിപ്പായ ‘വി — റോഡി’ൽ ഓവർഹെഡ് കാം ഷാഫ്റ്റിനൊപ്പം എട്ടു വാൽവ് എൻജിനാണ് ഇടംപിടിക്കുന്നത്. ആശയമെന്ന നിലയിലും ആവിഷ്കാരമെന്ന നിലയും ‘വി റോഡി’നു സ്വീകാര്യത ഉണ്ടെങ്കിലും വിപണിയിൽ ബൈക്കിന്റെ ഭാവി എന്താവുമെന്ന ആശങ്ക ശക്തമാണ്്; കാരണം പരമ്പരാഗത ഹാർലി ഡേവിഡ്സൻ ബൈക്കുകളുടെ സ്വഭാവമോ ശബ്ദപ്പൊലിമയോ ഇല്ലാതെയാണു ‘വി റോഡി’ന്റെ വരവ്.ക്രൂസർ വിഭാഗത്തിൽ കമ്പനിയുടെ എതിരാളികളും പൊളാരിസിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡുമായ വിക്ടറി മോട്ടോർ സൈക്കിൾസ് വൈദ്യുത ബൈക്ക് യാഥാർഥ്യമാക്കിയതും ഹാർലി ഡേവിഡ്സന്റെ നിലപാട് മാറ്റത്തെ സ്വാധീനിച്ചിരിക്കണം. വൈദ്യുത സ്ട്രീറ്റ് ബൈക്കായ ‘ഇംപൾസ് ടി ടി’ സാക്ഷാത്കരിച്ച വിക്ടറി, ഇത്തരം മോഡലുകൾ മത്സരിക്കുന്ന ഐൽ ഓഫ് മാൻ ടി ടി, പൈക്സ് പീക് ഇന്റർനാഷനൽ ഹിൽ ക്ലൈംബ് തുടങ്ങിയ റേസുകളിലും സജീവമായി രംഗത്തുണ്ട്.

harley-e-bike-1 Harley Davidson Project Livewire

വൈദ്യുത മോട്ടോർ സൈക്കിളിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും ബൈക്ക് നിർമിക്കുന്നതുമൊന്നും ഹാർലി ഡേവിഡ്സന്റെ തലവേദനകളല്ല. പക്ഷേ വൈദ്യുത ബൈക്ക് പുറത്തിറക്കുമ്പോൾ കടുത്ത ഹാർലി ആരാധകർ എപ്രകാരമാവും പ്രതികരിക്കുക എന്നതാണു കമ്പനിയെ വ്യാകുലപ്പെടുത്തുന്നത്. സവിശേഷ ശബ്ദത്തിലൂടെ നിരത്തു വാഴുന്ന ഹാർലി ഡേവിഡ്സനു പകരം ബാറ്ററിയിൽ നിന്നുള്ള കരുത്തോടെ നിശ്ശബ്ദമായി മുന്നേറുന്ന ബൈക്കിനെ ആരാധകർ സ്വീകരിക്കുമോ? കാത്തിരുന്നു കാണാം.