Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു പട്ടണങ്ങളിൽ പ്രതീക്ഷയോടെ ഹാർലി ഡേവിഡ്സൻ

harley-CVO-Limited

രാജ്യത്തെ ചെറു പട്ടണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യു എസ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ ഇന്ത്യ ഒരുങ്ങുന്നു. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലാണു വിൽപ്പന വളർച്ചയ്ക്കു സാധ്യതയേറെയെന്ന തിരിച്ചറിവിലാണു കമ്പനി.  യുവതലമുറയെ ലക്ഷ്യമിട്ട് ഹാർലി ഡേവിഡ്സൻ റൈഡിങ് എക്സ്പീരിയൻസ് പങ്കുവയ്ക്കാനും കമ്പനി തീവ്രശ്രമം നടത്തുന്നുണ്ട്. സാന്നിധ്യം രാജ്യവ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്.

ആഗോള വിപണികളെ പോലെ ഇന്ത്യയിലും മെട്രോ നഗരങ്ങളിലെ വിൽപ്പന വളരെ അധികമാണെന്നു ഹാർലി ഡേവിഡ്സൻ ഇന്ത്യ മാനേജിങ് ഡയറക്ടർ വിക്രം പാവ കരുതുന്നു. പക്ഷേ വിൽപ്പനയിൽ മികച്ച വളർച്ച സമ്മാനിക്കുന്നത് രാജ്യത്തെ ചെറു നഗരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ വിപണന ശൃംഖല വിപുലീകരണത്തിൽ ഇരു വിഭാഗത്തിനും തുല്യ പരിഗണനയാണു കമ്പനി നൽകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വടക്കു കിഴക്കൻ മേഖലയിലെ പ്രമുഖ നഗരമായ ഗുവാഹത്തിയിലാണു ഹാർലി ഡേവിഡ്സന്റെ പുതിയ ഡീലർഷിപ് പ്രവർത്തനം ആരംഭിച്ചത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു മൊത്തത്തിലുള്ള വിപണന കേന്ദ്രമായി ഈ ഷോറൂം മാറുമെന്ന് വിക്രം പാവ അഭിപ്രായപ്പെട്ടു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 2,170 യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി കൈവരിച്ചത്. 2015 — 16ൽ ഇതേകാലത്തെ വിൽപ്പനയാവട്ടെ 2,176 യൂണിറ്റായിരുന്നു.