Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാൾ: യൂണിസെഫിനു ബൈക്കുകളുമായി ഹീറോ

achiever

ഭൂകമ്പം തകർത്ത നേപ്പാളിലെ ദുരിതാശ്വാസ, പുനഃർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് രംഗത്ത്. യു എൻ സംഘടനയായ യൂണിസെഫിന് 100 ‘അച്ചീവർ 150’ മോട്ടോർ സൈക്കിളുകളാണു കമ്പനി സംഭാവന ചെയ്യുന്നത്.

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ശാലയിൽ നിന്നു രണ്ടു ട്രക്കുകളിലാണു കമ്പനി മോട്ടോർ സൈക്കിളുകൾ നേപ്പാളിലേക്ക് അയച്ചത്. ഹീറോ മോട്ടോ കോർപ് ഉദ്യോഗസ്ഥരും യൂണിസെഫിന്റെ ഇന്ത്യ ഓഫിസിലെ ഡപ്യൂട്ടി പ്രതിനിധി ജയിംസ് ഗിതൗവും ചേർന്നു ട്രക്ക് ഫ്ളാഗ് ഓഫ് ചെയ്തു.

സമാനതകളില്ലാത്ത ദുരന്തവും ദുരിതവുമാണു നേപ്പാൾ ജനത അഭിമുഖീകരിക്കുന്നതെന്ന് ഗിതൗ അഭിപ്രായപ്പെട്ടു. പർവത രാജ്യത്തെ ദുരിതാശ്വാസ, പുനഃരുദ്ധാരണ പ്രവർത്തനങ്ങളിൽ ഹീറോ മോട്ടോ കോർപിന്റെ സംഭാവന ഏറെ സഹായകമാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നേരത്തെ നേപ്പാളിൽ ഇന്ത്യ ഏറ്റെടുത്ത രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ മൈത്രി’ക്കായി ഹീറോ മോട്ടോ കോർപ് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകിയിരുന്നു. ഇതിനു പുറമെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ച് ഇതിനു തുല്യമായ തുക കമ്പനിയുടെ വിഹിതമായും ഉൾപ്പെടുത്തി നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സംഭാവന നൽകിയതായും ഹീറോ മോട്ടോ കോർപ് അറിയിച്ചു.

നേപ്പാളിനു സഹായ ഹസ്തവുമായി നേരത്തെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും രംഗത്തെത്തിയിരുന്നു. രാജ്യത്തെ പുനഃരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് വാഹനങ്ങളും സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

നേപ്പാളിലെ പ്രാദേശിക വിതരണക്കാർ വഴിയാകും ആ രാജ്യത്തെ സർക്കാരിനു വാഹനങ്ങൾ കൈമാറുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ഭൂകമ്പം ദുരിതം വിതച്ച ഇന്ത്യൻ സംസ്ഥാനങ്ങളെയും സഹായിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് ട്രക്കുകളും ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.