Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫയർഫോക്സ് ഇനി ഹീറോ സൈക്കിൾസിനു സ്വന്തം

hero-firefox

പ്രീമിയം വിഭാഗത്തിൽപെട്ട സൈക്കിളുകളുടെ നിർമാതാക്കളായ ഫയർഫോക്സിനെ ഹീറോ സൈക്കിൾസ് സ്വന്തമാക്കി. പ്രീമിയം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണു ഡൽഹി ആസ്ഥാനമായ ഫയർഫോക്സ് ബൈക്ക്സിനെ സ്വന്തമാക്കുന്നതെന്നു ഹീറോ സൈക്കിൾസ് വെളിപ്പെടുത്തി. ഫയർഫോക്സ് ബൈക്ക്സ് പ്രമോട്ടർമാരുടെ ഓഹരികൾ മുഴുവൻ ഹീറോ സൈക്കിൾസ് വാങ്ങി; പൂർണമായും പണം അടിസ്ഥാനമാക്കിയുള്ള ഇടപാടിന്റെ വിശദാംശങ്ങൾ പക്ഷേ ഹീറോ പുറത്തുവിട്ടില്ല.

ഇതോടെ ഫയർഫോക്സ് ബ്രാൻഡിലുള്ള സൈക്കിളുകൾക്കു പുറമെ അക്സസറികൾ, സ്പെയർ എന്നിവയും ‘ട്രെക്’ അടക്കമുള്ള ആഗോള ബ്രാൻഡുകളുടെ വിതരണാവകാശവും ഹീറോയ്ക്കു കൈവന്നിട്ടുണ്ട്. പോരെങ്കിൽ ഫയർഫോക്സ് ബ്രാൻഡിലെ സൈക്കിളുകളെ വേറിട്ട വ്യക്തിത്വത്തോടെ തന്നെ നിലനിർത്താനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്.

ഫയർഫോക്സ് കൂടിയെത്തുന്നതോടെ സൈക്കിൾ വിപണിയുടെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കമ്പനിക്കു കഴിയുമെന്നു ഹീറോ സൈക്കിൾസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് മുഞ്ജാൾ അവകാശപ്പെട്ടു. ലോക നിലവാരമുള്ള ഉൽപന്നങ്ങൾ എല്ലാ വിലനിലവാരത്തിലും ലഭ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഹീറോ, യു ടി, യു ടി എഡ്ജ് തുടങ്ങിയ ബ്രാൻഡുകളിലായിരുന്നു ഇതുവരെ കമ്പനിയുടെ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുന്നത്.

ഇന്ത്യൻ വിപണിയിൽ കൂടുതൽ ആഴത്തിലുള്ള വേരോട്ടം കൈവരിക്കാൻ ഈ ഇടപാട് ഫയർഫോക്സിനെ സഹായിക്കുമെന്നു ഫയർഫോക്സ് ബൈക്ക്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശിവ് ഇന്ദർ സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഫയർഫോക്സിന്റെ ഉൽപന്നശ്രേണി പരിഷ്കരിക്കാനും വികസിപ്പിക്കാനും ആവശ്യമായ നിക്ഷേപം നടത്താമെന്നും ഹീറോ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം ഉടമസ്ഥാവകാശം കൈമാറിയശേഷവും സിങ് ഫയർഫോക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി തുടരാനും ധാരണയായിട്ടുണ്ട്.

നിലവിൽ എഴുപതോളം മോഡലുകളിലാണു ഫയർഫോക്സ് ബൈക്കുകൾ വിൽപ്പനയ്ക്കുള്ളത്. കൂടാതെ ‘ട്രെക്’ ശ്രേണിയിലെ ഇരുപത്തഞ്ചോളം സൈക്കിളുകളും കമ്പനി വിൽക്കുന്നുണ്ട്. കൂടാതെ രാജ്യാന്തര ബ്രാന്ഡുകളായ ടേൺ, ഷിമാനൊ, സാരിസ്, ഫിനിഷ് ലൈൻ, ക്രിപ്റ്റൊണൈറ്റ്, സൂപ്പർ ബി, സ്ലൈം തുടങ്ങിയവയുമായി ഫയർഫോക്സ് സഹകരിക്കുന്നുമുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ഫ്രാഞ്ചൈസി വ്യവസ്ഥയിലുള്ളതുമായ നൂറ്റി അറുപതോളം വിൽപ്പനശാലകളാണു ഫയർഫോക്സ് ബൈക്ക്സിനുള്ളത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.