Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ സൈക്കിൾസിനു യു കെയിൽ ഡിസൈൻ സെന്റർ

Hero Electric Cycle Avior

യൂറോപ്പിൽ അത്യാധുനിക ഡിസൈൻ കേന്ദ്രം സ്ഥാപിക്കാൻ സൈക്കിൾ നിർമാതാക്കളായ ഹീറോ സൈക്കിൾസിനു പദ്ധതി. അടുത്ത തലമുറ സൈക്കിളുകളുടെ രൂപകൽപ്പനയും സാങ്കേതികവിദ്യയും വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണു കമ്പനി പുതിയ കേന്ദ്രം തുടങ്ങുന്നത്. പ്രവർത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ കൂടി ഭാഗമായാണു യു കെയിലെ മാഞ്ചസ്റ്ററിൽ ഹീറോ സൈക്കിൾസ് ഗ്ലോബൽ ഡിസൈൻ സെന്റർ തുടങ്ങുന്നത്.

സൈക്കിൾ സാങ്കേതികവിദ്യയുടെ നവീകരണത്തിനും പുതുമകൾക്കും രൂപകൽപ്പന വിഭാഗത്തിലെ ഗവേഷണത്തിനുമൊക്കെയാവും ഈ കേന്ദ്രം മുൻഗണന നൽകുക. ലോക വിപണി ലക്ഷ്യമിട്ടുള്ള സൈക്കിളുകൾ വികസിപ്പിക്കാനുള്ള കേന്ദ്രം മിക്കവാറും മാർച്ചിനകം പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. സൈക്കിൾ രൂപകൽപ്പനയിൽ പേരും പെരുമയുള്ളവരുടെ സേവനമാകും ഗ്ലോബൽ ഡിസൈൻ കേന്ദ്രത്തിൽ ലഭ്യമാക്കുകയെന്ന് ഹീറോ സൈക്കിൾസ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് മുഞ്ജാൾ അറിയിച്ചു. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനൊപ്പം അത്യാധുനിക രൂപകൽപ്പനയും ഉന്നത ഗുണമേന്മയുമൊക്കെയുള്ള സൈക്കിളുകൾ വികസിപ്പിക്കാനാവും കേന്ദ്രം ശ്രമിക്കുക. വ്യാപക വിൽപ്പനയുള്ള മോഡലുകൾക്കൊപ്പം സ്പോർട്സ്, ആഡംബര ബൈക്കുകൾ വികസിപ്പിക്കാനും ഗ്ലോബൽ ഡിസൈൻ സെന്റർ ശ്രമിക്കും.

ഇന്ത്യൻ വിപണിയിൽ നേതൃസ്ഥാനം ഉറപ്പാക്കിയ ഹീറോ ഇനി വിദേശ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്നു മുഞ്ജാൾ വെളിപ്പെടുത്തി. പുതിയ ഡിസൈൻ കേന്ദ്രം പ്രവർത്തനക്ഷമമാവുന്നതോടെ വിദേശ വിപണികളിൽ കമ്പനിക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പൊതുവായ ബ്രാൻഡും സമാന രൂപകൽപ്പനയുമായി യൂറോപ്പിൽ പുത്തൻ ബ്രാൻഡുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടാണു കമ്പനി ഡിസൈൻ കേന്ദ്രം സ്ഥാപിക്കാൻ മാഞ്ചസ്റ്റർ തിരഞ്ഞെടുത്തത്. യു കെ ആസ്ഥാനമായ സൈക്കിൾ വിതരണക്കാരായ അവോസെറ്റ് സ്പോർട്സ് ലിമിറ്റഡിൽ 2015ൽ ഹീറോ സൈക്കിൾസ് ഭൂരിപക്ഷ ഓഹരി നേടിയിരുന്നു. മൂല്യമേറിയ യൂറോപ്യൻ സൈക്കിൾ വിപണിയിലേക്കുള്ള പ്രവേശനം ലക്ഷ്യമിട്ടായിരുന്നു ഈ നടപടി. ഭാവിയിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും ഹീറോ സൈക്കിൾസ് ലക്ഷ്യമിടുന്നുണ്ട്.
 

Your Rating: