Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷത്തിന്റെ പകിട്ടോടെ ‘എച്ച് എഫ്’ ശ്രേണി

Hero HF Deluxe

ഗ്രാമീണ, അർധ നഗരമേഖകൾ നിർലോഭ പിന്തുണ നൽകിയതോടെ ഹീറോ മോട്ടോ കോർപിന്റെ ‘ഹീറോ എച്ച് എഫ് ഡീലക്സി’ന്റെ 2014 — 15ലെ മൊത്തം വിൽപ്പനയും 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്ത സാഹചര്യത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ അഞ്ചു ശതമാനത്തോളം വളർച്ച കൈവരിച്ചാണ് ‘ഹീറോ എച്ച് എഫ് ഡീലക്സ്’ മികച്ച പ്രകടനം കാഴ്ചവച്ചത്.

ഇതോടെ ഹീറോ മോട്ടോ കോർപ് ശ്രേണിയിൽ 10 ലക്ഷം യൂണിറ്റിലേറെ വാർഷിക വിൽപ്പന കൈവരിക്കുന്ന മൂന്നാമതു മോഡലായി ‘എച്ച് എഫ് ഡീലക്സ്’. കയറ്റുമതി ചെയ്തതടക്കം മൊത്തം 25.70 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയുമായി ‘സ്പ്ലെൻഡർ’ ആണ് ഈ പട്ടികയിൽ മുന്നിൽ. 13.50 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ച് ‘പാഷൻ’ രണ്ടാം സ്ഥാനത്തുണ്ട്. 11.30 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയോടെയാണ് ‘എച്ച് എഫ് ഡീലക്സ്’ മൂന്നാം സ്ഥാനത്തെത്തിയത്.

‘എച്ച് എഫ് ഡീലക്സ്’, ‘എച്ച് എഫ് ഡോൺ’ എന്നിവയും മുൻഗാമികളായ ‘സി ഡി ഡോൺ’, ‘സി ഡി ഡീലക്സ്’ എന്നിവയും ചേർന്ന് ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിച്ചതും ഹീറോ മോട്ടോ കോർപിന്റെ 2014 — 15ലെ തകർപ്പൻ നേട്ടമായി. ‘സി ഡി’ ശ്രേണിയായി നിരത്തിലെത്തിയതു മുതൽ ‘എച്ച് എഫ്’ ശ്രേണിയായി പടയോട്ടം തുടരുന്ന ബൈക്കുകളുടെ ഇതുവരെയുള്ള മൊത്തം വിൽപ്പനയാണ് ഒരു കോടി യൂണിറ്റ് പിന്നിട്ടത്.

കഴിഞ്ഞ സാമ്പത്തിക വർഷാവസാനം വരെ ഹീറോ മോട്ടോ കോർപിന്റെ മൊത്തം വാഹന വിൽപ്പന ആറു കോടി യൂണിറ്റിലെത്തിയിട്ടുണ്ട്. ഈ നില തുടർന്നാൽ 2020ൽ മൊത്തം വാഹന വിൽപ്പന 10 കോടി യൂണിറ്റിലെത്തിക്കണമെന്ന പ്രഖ്യാപിത ലക്ഷ്യം നേടുക കമ്പനിയെ സംബന്ധിച്ചിടത്തോളം കയ്യെത്തുംദൂരത്താണെന്നാണു വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.