Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ ‘ഡ്യുവറ്റ്’, ‘മാസ്ട്രോ എഡ്ജ്’ അവതരണം 29ന്

Hero Maestro Edge & Duet Launching

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പിന്റെ സ്കൂട്ടർ ശ്രേണിയിലേക്കു രണ്ടു മോഡലുകൾ കൂടിയെത്തുന്നു. നവരാത്രി — ദീപാവലി ഉത്സവാഘോഷങ്ങൾക്കു മുന്നോടിയായി 29ന് നടക്കുന്ന ചടങ്ങിലാവും ഈ പുതു മോഡലുകളുടെ അവതരണം. ചടങ്ങിലേക്കുള്ള ക്ഷണപത്രത്തിൽ മോഡലുകളുടെ പേര് ഹീറോ മോട്ടോ കോർപ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുത്തൻ എൻജിന്റെ പിൻബലത്തോടെയെത്തുന്ന ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ എഡ്ജി’ന്റെയും അവതരണത്തിനാണ് അരങ്ങൊരുങ്ങുന്നതെന്നാണു സൂചന.

രൂപകൽപ്പനയിലും സാങ്കേതികവിഭാഗത്തിലുമുള്ള മാറ്റങ്ങളോടെയാവും ‘മാസ്ട്രോ എഡ്ജി’ന്റെ വരവ്. സ്കൂട്ടറിനെ കൂടുതൽ സ്പോർട്ടിയാക്കാനായി മുൻഭാഗം ഏറെക്കുറെ പൂർണമായി തന്നെ ഹീറോ പൊളിച്ചെഴുതിയിട്ടുണ്ട്. നവീകരിച്ച ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഭാഗികമായി ഡിജിറ്റലാക്കിയതിനൊപ്പം പിന്നിൽ എൽ ഇ ഡി ടെയിൽ ലാംപും ഇടംപിടിച്ചു. ടെലിസ്കോപിക് ഫ്രണ്ട് ഫോർക്ക്, എക്സോസ്റ്റ് മഫ്ളർ, അലോയ് വീൽ, പിൻ പാനലിലെ ത്രിമാന ബാഡ്ജ് തുടങ്ങിയവയാണു മറ്റു പുതുമകൾ. പ്രതീക്ഷിച്ചിരുന്നതിൽ നിന്നു വ്യത്യസ്തമായി 125 സി സി എൻജിനു പകരം പുതിയ 110 സി സി എൻജിനോടെയാവും ‘മാസ്ട്രോ എജ്ഡി’ന്റെ വരവെന്നും ഉറപ്പായിട്ടുണ്ട്. ഹീറോയ്ക്കായി എ വി എൽ വികസിപ്പിച്ച 110 സി സി എയർ കൂൾഡ് എൻജിന് പരമാവധി എട്ടു ബി എച്ച് പി കരുത്തും 8.3 എൻ എം ടോർക്കുമാണു സൃഷ്ടിക്കാനാവുക; ‘മാസ്ട്രോ’യിലെ പഴയ എൻജിനെ അപേക്ഷിച്ച് ഇതിനു കരുത്തു കൂടുമെങ്കിലും ടോർക് കുറവാണെന്ന പോരായ്മയുണ്ട്.

സ്കൂട്ടറിന്റെ ഇന്ധനക്ഷമതയെക്കുറിച്ചു സൂചനയില്ലെങ്കിലും ലീറ്ററിന് 55 — 60 കിലോമീറ്റർ പരിധിയിലാവാനാണു സാധ്യത. ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം, എൻജിൻ ഇമ്മൊബലൈസർ, 12 ഇഞ്ച് അലോയ് വീൽ, ട്യൂബ് രഹിത ടയർ, ഓപ്ഷനൽ വ്യവസ്ഥയിൽ മൊബൈൽ ചാർജിങ് യൂണിറ്റ്, സീറ്റിനടിയിൽ ലാംപ് എന്നിവയെല്ലാമായി എത്തുന്ന ‘മാസ്ട്രോ എഡ്ജി’ന്റെ വില 53,000 രൂപയോളമാവുമെന്നാണു പ്രതീക്ഷ. ആൺ — പെൺ ഭേദമില്ലാതെ എല്ലാവരെയും ആകർഷിക്കാനെത്തുന്ന ‘ഡ്യുവറ്റി’നു പതിഞ്ഞ രൂപകൽപ്പനയാണു ഹീറോ സ്വീകരിച്ചിരിക്കുന്നത്. പൂർണമായും ലോഹ നിർമിത ബോഡിയുള്ള ‘ഡ്യുവറ്റി’ന്റെ മിക്കവാറും യന്ത്രഘടകങ്ങളാവട്ടെ പുതിയ ‘മാസ്ട്രോ എഡ്ജി’ൽ നിന്നു കടമെടുത്തവയുമാണ്. ‘മാസ്ട്രോ എഡ്ജി’ലെ 110 സി സി, എയർ കൂൾഡ് എൻജിൻ തന്നെയാവും ‘ഡ്യുവറ്റി’നും കരുത്തേകുക; പരമാവധി എട്ടു ബി എച്ച് പി കരുത്തും എട്ടര എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

എതിരാളികളിൽ നിന്നു വേറിട്ടു നിൽക്കാനായി സ്കൂട്ടറിൽ ഡിജിറ്റലും അനലോഗും സമന്വയിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ഘടിപ്പിച്ചിട്ടുണ്ട്. എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ, മൊബൈൽ ചാർജർ, ട്യൂബ്രഹിത ടയർ, ടെലിസ്കോപിക് ഫണ്ട് ഫോർക്ക്, ഡ്രം ബ്രേക്ക് തുടങ്ങിയവയൊക്കെയായി പുത്തൻ എൻട്രി ലവൽ സ്കൂട്ടറാവാനെത്തുന്ന ‘ഡ്യുവറ്റി’ന്റെ വില 50,000 രൂപയോളമാവുമെന്നാണു കരുതുന്നത്.