Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ 2018ൽ ‘കരിസ്മ’ പിൻവലിച്ചേക്കും

hero karizma

ഹീറോ മോട്ടോ കോർപ് ശ്രേണിയിലെ കരുത്തുറ്റ ബൈക്കായ ‘കരിസ്മ’യെ രണ്ടു വർഷത്തിനകം പിൻവലിക്കാൻ കമ്പനി ആലോചിക്കുന്നു. 223 സി സി എൻജിനുള്ള ‘കരിസ്മ’യ്ക്കു പകരം പുത്തൻ മോഡലുകൾ അവതരിപ്പിച്ച് ഈ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനാണു കമ്പനിയുടെ പദ്ധതി. വിൽപ്പന നാമമാത്രമായതാണ് ‘കരിസ്മ’യുടെ കാര്യത്തിൽ പുനഃരാലോചനയ്ക്കു ഹീറോ മോട്ടോ കോർപിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. കാര്യമായ പ്രതികരണം സൃഷ്ടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ‘കരിസ്മ’ പിൻവലിച്ച് 2018 ആകുമ്പോഴേക്ക് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി.

ജനപ്രിയമായിരുന്നു ‘സി ബി സീ’ക്കു പകരക്കാരനായെത്തിയ ‘കരിസ്മ’ മാത്രമാണ് 200 — 250 സി സി വിഭാഗത്തിൽ ഹീറോ മോട്ടോ കോർപിനുള്ള ഏക മോഡൽ. രണ്ടു വകഭേദങ്ങളിലാണു നിലവിൽ ‘കരിസ്മ’ വിൽപ്പനയ്ക്കുള്ളത്: ‘കരിസ്മ’യും ‘കരിസ്മ സെഡ് എം ആറും’; യഥാക്രമം 84,000 രൂപയും 1.10 ലക്ഷം രൂപയുമാണ് ഇവയുടെ വില. കഴിഞ്ഞ ഏപ്രിൽ — നവംബർ കാലത്ത് ‘കരിസ്മ’ കൈവരിച്ച മൊത്തം വിൽപ്പന 289 യൂണിറ്റായിരുന്നു. ഇതോടെ 1.22 ലക്ഷത്തോളം ബൈക്കുകൾ വിറ്റഴിഞ്ഞ 200 — 250 സി സി വിഭാഗത്തിൽ ഹീറോ മോട്ടോ കോർപിന്റെ വിഹിതം വെറും 0.24 ശതമാനത്തിൽ ഒതുങ്ങി. എതിരാളികളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ‘പൾസർ 220’ ഇതേ കാലയളവിൽ 64,289 യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിരുന്നു.

അതേസമയം, ‘കരിസ്മ’ പിൻവലിക്കുമെന്ന വാർത്തകൾ ഹീറോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മികച്ച സ്വീകാര്യതയുള്ള, ഐതിഹാസിക മാനങ്ങളുള്ള മോട്ടോർ സൈക്കിളാണു ‘കരിസ്മ’ എന്നാണു കമ്പനിയുടെ നിലപാട്. തുടർച്ചയായ പരിഷ്കാരങ്ങളും നവീകരണങ്ങളുമായി ആകർഷണീയത നിലനിർത്താൻ ‘കരിസ്മ’യ്ക്കു കഴിയുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വിപണിയിലെ മേധാവിത്തം നിലനിർത്താനായി ആധുനിക സാങ്കേതികവിദ്യയുടെ പിൻബലവും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പുത്തൻ മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും കമ്പനി വിൽപ്പനയ്ക്കെത്തിക്കുമെന്നും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കുന്നു.