Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിമാസ വിൽപ്പനയിൽ റെക്കോഡ് തിരുത്തി ഹീറോ

hero-motocorp

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന് കഴിഞ്ഞ മാസം റെക്കോഡ് വിൽപ്പന. 6,74,961 യൂണിറ്റാണു കഴിഞ്ഞ മാസം കമ്പനി വിറ്റത്; 2015 സെപ്റ്റംബറിൽ വിറ്റ 6,06,744 ഇരുചക്രവാഹനങ്ങളെ അപേക്ഷിച്ച് 11 ശതമാനത്തോളം അധികമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നേടിയ 6,39,802 യൂണിറ്റ് വിൽപ്പനയായിരുന്നു ഹീറോ മോട്ടോ കോർപിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള റെക്കോഡ്.

പോരെങ്കിൽ തുടർച്ചയായ രണ്ടാം മാസവും ആറു ലക്ഷത്തിലേറെ യൂണിറ്റ് വിൽക്കാൻ കഴിഞ്ഞത് ഹീറോ മോട്ടോ കോർപിനു നേട്ടമായിട്ടുണ്ട്. ഓഗസ്റ്റിൽ 6,16,424 യൂണിറ്റായിരുന്നു കമ്പനി നേടിയ വിൽപ്പന. ഇക്കൊല്ലത്തെ കണക്കെടുത്താൽ ഇതു നാലാം തവണയാണു കമ്പനിയുടെ പ്രതിമാസ വിൽപ്പന ആറു ലക്ഷം യൂണിറ്റ് പിന്നിടുന്നത്; കഴിഞ്ഞ മാർച്ചിൽ 6,06,542 യൂണിറ്റും ഏപ്രിലിൽ 6,12,739 യൂണിറ്റുമായിരുന്നു ഹീറോ മോട്ടോ കോർപ് കൈവരിച്ച വിൽപ്പന. വിപണി സാഹചര്യങ്ങൾ പൊതുവേ അനുകൂലമായതാണ് ഇരുചക്രവാഹന വിൽപ്പന വർധിക്കാൻ വഴി തെളിക്കുന്നതെന്നാണു ഹീറോ മോട്ടോ കോർപിന്റെ വിലയിരുത്തൽ. ഒപ്പം കമ്പനി സ്വന്തമായി രൂപകൽപ്പനയും വികസനവും നിർവഹിച്ച ആദ്യ മോട്ടോർ സൈക്കിളായ ‘സ്പ്ലെൻഡർ ഐ സ്മാർട് 110’ അവതരണവും വിൽപ്പനയിൽ തകർപ്പൻ നേട്ടം സമ്മാനിക്കുന്നുണ്ടെന്നു കമ്പനി കരുതുന്നു.

നിലവിൽ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 100 സി സി, 125 സി സി മോട്ടോർ സൈക്കിൾ വിഭാഗങ്ങളിൽ അനിഷേധ്യ മേധാവിത്തമാണു ഹീറോ മോട്ടോ കോർപിനുള്ളത്. കമ്യൂട്ടർ വിഭാഗത്തിൽ 65% വിപണി വിഹിതമാണ് കമ്പനി അവകാശപ്പെടുന്നത്; എക്സിക്യൂട്ടീവ് കമ്യൂട്ടർ വിഭാഗത്തിൽ 55% വിപണി വിഹിതവും. പ്രീമിയം വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കമ്പനി കഴിഞ്ഞ ആഴ്ച പുതിയ ‘അച്ചീവർ 150’ അവതരിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന എൻജിനൊപ്പം കമ്പനിയുടെ സ്വന്തം ആവിഷ്കാരമായ ‘ഐ ത്രി എസ്’ സാങ്കേതികവിദ്യയുടെ പിൻബലവും പുതിയ ‘അച്ചീവറി’നുണ്ട്.  

Your Rating: