Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം 15 പുതിയ മോഡൽ പുറത്തിറക്കുമെന്നു ഹീറോ

hero-motocorp

ആഭ്യന്തര, വിദേശ വിപണികളിലായി നടപ്പു സാമ്പത്തിക വർഷം 15 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്. ഇതിൽ മൂന്നു മോട്ടോർ സൈക്കിളുകൾ ദീപാവലി — നവരാത്രി ഉത്സവകാലത്തിനു മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും കമ്പനി ചെർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വെളിപ്പെടുത്തി. ഹീറോയുടെ സ്വന്തം ആവിഷ്കാരമായ ‘ഐ ത്രി എസ്’ സാങ്കേതികവിദ്യയുടെ പിൻബലമുള്ള 150 സി സി ബൈക്കായ ‘അച്ചീവർ’, ‘സൂപ്പർ സ്പ്ലെൻഡർ’, ‘പാഷൻ പ്രോ’ എന്നിവയൊക്കെ ഹീറോ മോട്ടോ കോർപ് പുറത്തിറക്കുന്നുണ്ട്. ഗുജറാത്തിൽ സ്ഥാപിക്കുന്ന പുതിയ നിർമാണശാല ഈ ഡിസംബറിനകം പ്രവർത്തനക്ഷമമാവുമെന്നും മുഞ്ജാൾ അറിയിച്ചു.

കൂടാതെ വിദേശത്തു ഹീറോ സ്ഥാപിക്കുന്ന രണ്ടാമത്തെ നിർമാണശാല ബംഗ്ലദേശിൽ ഈ സാമ്പത്തിക വർഷം അവസാനിക്കുംമുമ്പു പ്രവർത്തനം ആരംഭിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ കൊളംബിയയിലാണു ഹീറോ മോട്ടോ കോർപിന് ഇരുചക്രവാഹന നിർമാണശാലയുള്ളത്.
രാജ്യാന്തരതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അർജന്റീനയിൽ പുതിയ വിതരണക്കാരെ നിയോഗിച്ചതായും മുഞ്ജാൾ വെളിപ്പെടുത്തി. അടുത്ത വർഷം ആദ്യത്തോടെ അർജന്റീനയിൽ ഹീറോ ബൈക്കുകളുടെ വിൽപ്പന ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷ. ഇതിനു പുറമെ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലും വൈകാതെ ഹീറോ മോട്ടോ കോർപിന്റെ മോഡലുകൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്.

ഇക്കൊല്ലത്തെ വിൽപ്പനയിൽ 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനാവുമെന്ന് മുഞ്ജാൾ പ്രതീക്ഷ പ്രകടിപ്പിച്ചു. വരുന്ന നവരാത്രി — ദീപാവലി ഉത്സവകാലത്തും മികച്ച നേട്ടം കൊയ്യാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. മലിനീകരണനിയന്ത്രണത്തിൽ 2020 ഏപ്രിൽ ഒന്നിനകം ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കണമെന്നതാണു നിർമാതാക്കൾ നേരിടുന്ന യഥാർഥ വെല്ലുവിളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരത് സ്റ്റേജ് നാലിൽ നിന്ന് അടുത്ത ഘട്ടമായ ഭാരത് സ്റ്റേജ് അഞ്ച് ഒഴിവാക്കി നേരെ ഭാരത് സ്റ്റേജ് ആറിലേക്കു മുന്നേറാനുള്ള സർക്കാർ തീരുമാനമാണു വെല്ലുവിളി സൃഷ്ടിക്കുന്നത്. എങ്കിലും ഈ വെല്ലുവിളി നേരിടാൻ ഹീറോ മോട്ടോ കോർപ് സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്കുള്ള മാറ്റം വാഹന വിലയിൽ വർധന സൃഷ്ടിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: