Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മോട്ടോ കോർപിൽ 12,500 രൂപ വേതന വർധന

Hero Motocorp

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഗുഡ്ഗാവ് പ്ലാന്റിലെ സ്ഥിരം ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ ധാരണയായി. അടുത്ത മൂന്നു വർഷത്തിനിടെ 12,500 രൂപയുടെ വേതന വർധനയാണു കമ്പനിയിലെ സ്ഥിരം ജീവനക്കാർക്കു ലഭിക്കുക. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്ന കരാറിന്റെ കാലാവധി 2018 ജൂലൈ 31 വരെയാണ്. കമ്പനിയിൽ നിലവിലുണ്ടായിരുന്ന വേതന കരാറിന്റെ കാലാവധി 2015 ജൂലൈ 31ന് അവസാനിച്ചിരുന്നു.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണു വേതന വർധന സംബന്ധിച്ചു തൊഴിലാളി യൂണിയനുകളും ഹീറോ മോട്ടോ കോർപുമായി ധാരണയിലെത്തിയത്. മൂന്നു വർഷത്തിനകം 18,000 രൂപയുടെ വർധനയാണു യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നത്; എങ്കിലും വിശദ ചർച്ചകളിലൂടെ വർധന 12,500 രൂപയിൽ ഒതുക്കുന്നതിൽ ഹീറോ മോട്ടോ കോർപ് വിജയിച്ചു. വേതന വർധന കരാർ ഒപ്പിട്ട കാര്യം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കമ്പനി വക്താവ് തയാറായില്ല. ആയിരത്തി നാനൂറോളം സ്ഥിരം ജീവനക്കാരാണു ഹീറോ മോട്ടോ കോർപിന്റെ ഗുഡ്ഗാവ് ശാലയിലുള്ളത്.

ഇതിനു മുമ്പ് 2013ലാണ് ഹീറോ മോട്ടോ കോർപ് ജീവനക്കാരുടെ വേതനം പരിഷ്കരിച്ചത്; 2012 ഓഗസ്റ്റ് ഒന്നിനു നിലവിൽ വന്ന കരാർ പ്രകാരം മൂന്നു വർഷത്തിനിടെ 8,000 രൂപയുടെ വർധനയാണു ജീവനക്കാർക്കു ലഭിച്ചത്. അന്നും യൂണിയനുകളുടെ ആവശ്യം 18,000 രൂപയായിരുന്നു. മൊത്തം നാലു നിർമാണശാലകളാണു ഹീറോ മോട്ടോ കോർപിനുള്ളത്. ഗുഡ്ഗാവിനു പുറമെ ഹരിയാനയിലെ തന്നെ ധാരുഹേരയിലും രാജസ്ഥാനിലെ നീംറാനയിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുമാണ് ശാലകളുടെ പ്രവർത്തനം. മൊത്തം 80 ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങളാണ് കമ്പനിയുടെ ഉൽപ്പാദന ശേഷി. ഇവയ്ക്കു പുറമെ ഗുജറാത്തില ഹാലോളിൽ നിർമാണം പുരോഗമിക്കുന്ന ശാലയും ഈ സാമ്പത്തിക വർഷം പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.

Your Rating: