Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്യുകാറ്റിക്കായി ഗീയർ നിർമിക്കാൻ ഹീറോ മോട്ടോഴ്സ്

ducati-scrambler

ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിക്കായി ബൈക്ക് ഗീയർ ഉൽപ്പാദിപ്പിക്കാൻ ഹീറോ മോട്ടോഴ്സിന്റ ട്രാൻസ്മിഷൻ ഡിവിഷൻ ഒരുങ്ങുന്നു. കമ്പനിയെ സംബന്ധിച്ചിടത്തോളം വൻമുന്നേറ്റമാണിതെന്നു ഹീറോ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പങ്കജ് മുഞ്ജാൾ അഭിപ്രായപ്പെട്ടു. ഈ കരാറോടെ ആഗോളതലത്തിലെ തന്നെ പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ഡ്യുകാറ്റിയുമായി സഹകരിക്കാനുള്ള അവസരമാണ് ഹീറോയെ തേടിയെത്തുന്നത്. സവിശേഷ യന്ത്രഘടക നിർമാണത്തിൽ ഹീറോയ്ക്കുള്ള വൈദഗ്ധ്യത്തിനും മികവിനുമുള്ള അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രാൻസ്മിഷൻ ഘടക നിർമാണത്തിൽ ഹീറോയ്ക്കുള്ള മികവ് വിവിധ നിർമാതാക്കൾ അംഗീകരിച്ചിട്ടുണ്ടെന്ന് മുഞ്ജാൾ വിശദീകരിച്ചു. യൂറോപ്യൻ നിർമാതാക്കളുമായി മത്സരിച്ചാണു ഹീറോ മോട്ടോഴ്സ് ഡ്യുകാറ്റിയിൽ നിന്നുള്ള കരാർ സ്വന്തമാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ അടുത്ത വർഷം അവസാനിക്കുംമുമ്പ് കൊച്ചിയിലടക്കം നാലു പുതിയ ഡീലർഷിപ്പുകൾ കൂടി തുറക്കാനുള്ള ശ്രമത്തിലാണു ഡ്യുകാറ്റി. നിലവിൽ ഡൽഹി രാജ്യതലസ്ഥാന മേഖലയിലും മുംബൈയിലും ബെംഗളൂരുവിലും പുണെയിലും അഹമ്മദബാദിലുമാണു കമ്പനിക്കു ഷോറൂമുകളുള്ളത്.

കൊച്ചിയിലാവും കമ്പനി അടുത്ത ഡീലർഷിപ് തുറക്കുകയെന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷം മൂന്നു പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കാനാണു കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്. അതേസമയം, സേവനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതിനാൽ ഡീലർഷിപ്പുകളുടെ എണ്ണത്തിൽ ഡ്യുകാറ്റി ധാരാളിത്തത്തിനില്ലെന്നും ഡ്യുകാറ്റി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഡീലർഷിപ്പുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ഡ്യുകാറ്റി പിന്തുടരുന്ന ഗുണമേന്മയും നിലവാരവും നിലനിർത്തുന്നതിന് തടസ്സമാവുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ. രാജ്യത്തെല്ലായിടത്തും ഡീലർമാരെ നിയോഗിക്കുക ഡ്യുകാറ്റിയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. അതുകൊണ്ടുതന്നെ എതിരാളികളെ അപേക്ഷിച്ചു പരിമിതമായ കേന്ദ്രങ്ങളിലാവും സേവനം ലഭ്യമാവുകയെന്നും ഡ്യുകാറ്റി വ്യക്തമാക്കിയിട്ടുണ്ട്.  

Your Rating: