Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്ര വിപണിയിലെ സൂപ്പർ താരങ്ങൾ

bikes

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യാന്തര വിപണിയിലെ ഒട്ടുമിക്ക ഇരുചക്രവാഹന നിർമാതാക്കളും ഇന്ന് ഇന്ത്യയിലുണ്ട്. ഓരോ മാസവും ലക്ഷകണക്കിന് വാഹനങ്ങളാണ് പുറത്തിറങ്ങുന്നത്. അതിൽ ഒന്നാമനാകുക എന്നത് അധ്വാനമേറെ വേണ്ട ജോലിയാണ്. കഴിഞ്ഞ മാസം ഇന്ത്യൻ ഇരുചക്രവിപണിയിലെ താരങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ഹോണ്ട ആക്ടീവ

honda-activa

ബൈക്കുകളിൽ ചുറ്റിനിന്നിരുന്ന വിപണിയുടെ ചിന്താഗതി തന്നെ മാറ്റിയ വാഹനമാണ് ആക്ടീവ. ഗിയറില്ലാത്ത സ്കൂട്ടറുകൾ ജനകീയമാക്കിയ ആക്ടീവ ഇന്ന് രാജ്യത്തെ ഏറ്റവും അധികം വിൽപ്പനയുള്ള ഇരുചക്രവാഹനമാണ്. 2001ൽ ഇന്ത്യയിലെ സ്കൂട്ടർ വിപണിയിൽ എത്തിയ ആക്ടീവ അന്നു തൊട്ട് സ്കൂട്ടർ വിപണിയിലെ രാജാവാണ്. 2016 ജൂലൈയിൽ മാത്രം 2,56,173 ആക്ടീവകളാണ് ഇന്ത്യൻ വിപണിയിലെത്തിയത്. കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് പതിമൂന്നു ശതമാനം അധിക വിൽപ്പന.

ഹീറോ സ്പ്ലെൻഡർ

splendor-ismart-110-1

ഏറെക്കാലം ഒന്നാമനായിരുന്നു സ്പ്ലെൻഡർ, ആക്ടീവ സ്ഥാനം കൈക്കലാക്കിയെങ്കിലും ബൈക്ക് വിപണിയിലെ ഒന്നാം സ്ഥാനം ഈ എൻട്രി ലെവൽ കമ്യൂട്ടറിന് തന്നെ. 1994 ലാണ് സ്പ്ലെൻഡർ ഇന്ത്യൻ വിപണിയിലെത്തുന്നത്. സ്പ്ലെൻഡറിന്റെ പല വകഭേദങ്ങളും ഇന്ന് വിപണിയിലുണ്ട്. കഴിഞ്ഞ ജൂലൈയിൽ മാത്രം 1,97,760 സ്പ്ലെൻഡറുകളാണ് ഇന്ത്യയിൽ വിറ്റത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർദ്ധനവ്.

ഹീറോ എച്ച് എഫ് ഡീലക്സ്

Hero HF Deluxe

വളരെ കാലങ്ങളായി ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കുന്ന ബൈക്കുകളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുണ്ട് എച്ച്എഫ് ഡീലക്സ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല, ഇന്ത്യയിലെ ഏറ്റവും വിൽപ്പനയുള്ള ഇരുചക്രവാഹനങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഡീലക്സ്. കഴിഞ്ഞ ജൂലൈയിൽ മാത്രം 1,01,708 ഡീലക്സുകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റത്. കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് 32 ശതമാനം വളർച്ച.

ഹീറോ ഗ്ലാമർ

hero-glamour

കരുത്തും സ്റ്റൈലും ഒരുപോലെ ആവശ്യമുള്ള സെഗ്മെൻറാണ് 125 സിസി എക്സിക്യൂട്ടീവ് കമ്യൂട്ടർ സെഗ്മെന്റ്. പുറത്തിറങ്ങിയ നാൾ മുതൽ സെഗ്മെന്റ് ലീഡറായിരുന്ന ഗ്ലാമറാണ് വിപണിയിലെ നാലാം സ്ഥാനക്കാരൻ. 2015 ജൂലൈയെ അപേക്ഷിച്ച് വിൽപ്പനയിൽ 23 ശതമാനം വളർച്ച നേടി കഴിഞ്ഞ 2016 ജൂലൈയിൽ ഗ്ലാമർ. കഴിഞ്ഞ മാസം 75,088 ഗ്ലാമറുകളാണ് ഇന്ത്യൻ വിപണിയിലെത്തിയത്.

ഹീറോ പാഷൻ

സ്പെൻഡറിനു പിന്നാലെ 2001 ൽ ഹീറോ പുറത്തിറക്കിയ ഇരുചക്രവാഹനമാണ് പാഷൻ. പുറത്തിറങ്ങിയിട്ട് പതിനഞ്ചു വർഷം പിന്നിട്ടെങ്കിലും ജനപ്രിയതയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. പുറത്തിറങ്ങിയ കാലം തൊട്ട് ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുള്ള പാഷന്റെ 63,229 യൂണിറ്റുകളാണ് ജൂലൈയിൽ മാത്രം വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വിൽപ്പനകുറവാണെങ്കിലും ഏറ്റവും അധികം വിൽക്കുന്ന ബൈക്കുകളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ പാഷനുണ്ട്.