Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 വൈദ്യുതി ബസ് വാങ്ങാനൊരുങ്ങി ഹിമാചൽ പ്രദേശ്

optare-ebus E-Bus, Representative Image

പരിസ്ഥിതി മലിനീകരണം പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ട് 25 വൈദ്യുത ബസ്സുകൾ നിരത്തിലിറക്കാൻ ഹിമാചൽ പ്രദേശ് ഒരുങ്ങുന്നു. 13,050 അടി ഉയരമുള്ള ചുരം പിന്നിടേണ്ട മണാലി — റോതാങ് റൂട്ടിലാവും ബാറ്ററി കരുത്തേകുന്ന ഈ ബസ്സുകൾ സർവീസ് നടത്തുക. ഇതോടെ ഇത്രയേറെ വൈദ്യുത ബസ്സുകൾ ഒരുമിച്ചു വാങ്ങി സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായും ഹിമാചൽ പ്രദേശ് മാറും. പർവത മേഖലയിലെ വൈദ്യുത ബസ് സർവീസിനായി കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നെന്നു സംസ്ഥാന ഗതാഗത മന്ത്രി ജി എസ് ബാലി അറിയിച്ചു. പുതിയ ബസ്സുകൾ വാങ്ങാനുള്ള ഓർഡർ ഒരാഴ്ചയ്ക്കകം നൽകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഹിമാചൽ പ്രദേശിനു വൈദ്യുത ബസ് വിൽക്കാൻ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഓരോ നിർമാതാക്കളാണു രംഗത്തുള്ളത്. ഇക്കൊല്ലത്തെ വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതിനു മുമ്പു തന്നെ ഈ ബസ്സുകൾ സർവീസിനെത്തിക്കാനാണു സംസ്ഥാന സർക്കാരിന്റെ നീക്കം. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനമൊരുക്കാനും വൈദ്യുത വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ ജി ടി) ഉത്തരവിനെ തുടർന്നു സംസ്ഥാനത്തു വൈദ്യുത വാഹനങ്ങൾക്കു റോഡ് നികുതിയും റജിസ്ട്രേഷൻ ഫീസും ഒഴിവാക്കാൻ 2016 മേയ് 11നു ഹിമാചൽ പ്രദേശ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. റോതങ് ചുരത്തിലെ ദുർബലമായ മഞ്ഞുമലകൾക്ക് ഭീഷണി ഉയർത്തുന്നതിനാൽ ഈ 50 കിലോമീറ്റർ മേഖലയിൽ സമ്മർദിത പ്രകൃതി വാതക(സി എൻ ജി)യിലോ വൈദ്യുതിയിലോ ഓടുന്ന ബസ്സുകൾ ഉപയോഗിക്കണമെന്നും എൻ ജി ടി നിർദേശിച്ചിരുന്നു.

ബസ്സുകളിൽ നിന്നുള്ള പുക മഞ്ഞുമലകൾക്ക് ഭീഷണി സൃഷ്ടിക്കുകയും അവയുടെ നിറം കറുപ്പാക്കി മാറ്റുകയും ചെയ്യുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്.
തുടർന്നു സംസ്ഥാന സർക്കാരിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷം വൈദ്യുത ബസ്സുകളുടെ രൂപകൽപ്പന, സാങ്കേതിക വിവരങ്ങൾ തുടങ്ങിയവ നിശ്ചയിക്കാൻ കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തോടും ട്രൈബ്യൂണൽ കഴിഞ്ഞ ഏപ്രിലിൽ ആവശ്യപ്പെട്ടിരുന്നു. പുതിയ ബസ് വാങ്ങാനുള്ള ചെലവിന്റെ 25% സംസ്ഥാനവും ബാക്കി കേന്ദ്ര സർക്കാരും വഹിക്കണമെന്നും ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഓരോ ബസ്സിനും ഒന്നര കോടി രൂപ ചെലവിൽ 25 വൈദ്യുത ബസ്സുകൾ വാങ്ങാനുള്ള പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിച്ചതായി ഹിമാചൽ പ്രദേശ് സർക്കാർ എൻ ജി ടിയെ അറിയിച്ചിരുന്നു.

Your Rating: