Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഇന്ത്യയുടെ സ്വന്തം പരിശീലന വിമാനം

htt-40 Model of the HAL HTT-40

ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പൊൻതൂവൽ നൽകിക്കൊണ്ടാണ് മെയ് കടന്നുപോയത്. കാരണം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ പരിശീലന വിമാനം ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ-40(എച്ച് ടിടി-40)ന്റെ ആദ്യ പരിശീലന പറക്കൽ ബംഗളൂരുവിൽ വിജയകരമായി പൂർത്തീകരിച്ചത് മെയ് 31നാണ്. ഇന്ത്യൻ വ്യോമസേന നിലവിൽ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി സ്വിസ് നിർമിത പിലാറ്റസ് പിസി-7എംകെ II ബേസിക് ട്രെയിനർ എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്.

സ്വിസ് നിർമിച്ച വിമാനത്തിന് പകരമായാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച് എഎൽ) നിർമിച്ച എച്ച്ടിടി-40 ഉപയോഗിക്കുക. എന്നാൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനങ്ങളുടെ ഭാഗമാകണമെങ്കിൽ എച്ച്ടിടി-40ന് ഇനിയും ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ട്. ആദ്യത്തെ പരിശീലന പറക്കൽ പൂർത്തിയാക്കിയ എച്ച് ടിടി-40 വിമാനം പല പരീക്ഷണങ്ങൾക്കും വിധേയമായതിന് ശേഷമായിരിക്കും പൂർണമായും പരിശീലനത്തിനായി ഉപയോഗിക്കുകയെന്നാണ് എച്ച്എഎൽ വക്താവ് അറിയിച്ചത്.

നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലനങ്ങൾ നടത്തുന്നത് പിലാറ്റസ് പിസി-7എംകെ II, കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 എന്നീ വിമാനങ്ങളിലാണ്. പൈലറ്റുമാരുടെ ആദ്യ 80 മണിക്കൂർ (ഒന്നാം ഘട്ടം) പരിശീലനത്തിനാണ് ബെയ്സിക്ക് ട്രെയിനർ എയർ ക്രാഫ്റ്റുകൾ ഉപയോഗിക്കുന്നത്. രണ്ട്, മൂന്ന് ഘട്ട പരിശീലനത്തിനായാണ് കിരൺ എംകെ-1/എ, ഹോക്ക് എംകെ-132 വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യൻ എയർഫോഴ്സ് 68 എച്ച് ടിടി-40 കൾ സ്വന്തമാക്കും എന്നാണ് കരുതുന്നത്.