Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചു വരുമോ അംബാസഡര്‍ ?

ambassador-car

കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസിയ 'അംബാസഡര്‍' ബ്രാന്‍ഡ് ഇനി ഫ്രഞ്ച് നിര്‍മാതാക്കളായ പ്യുഷൊയ്ക്കു സ്വന്തം. നേരത്തെ പ്രഖ്യാപിച്ച സംയുക്ത സംരംഭത്തിന്റെ ഭാഗമായി 80 കോടി രൂപയ്ക്കാണു പി എസ് എ ഗ്രൂപ് 'അംബാസഡര്‍' ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി കെ ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സി(എച്ച് എം)ല്‍ നിന്ന് സ്വന്തമാക്കിയത്. 'അംബാസഡര്‍' ബ്രാന്‍ഡ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കമ്പനിക്കു ജീവനക്കാരും ധനകാര്യ സ്ഥാപനങ്ങളുമായുള്ള കടബാധ്യത തീര്‍ക്കാന്‍ വിനിയോഗിക്കുമെന്നു സി കെ ബിര്‍ല ഗ്രൂപ് അറിയിച്ചു. 'അംബാസഡര്‍' ബ്രാന്‍ഡിനായി പി എസ് എ ഗ്രൂപ് കരുതിവച്ച പദ്ധതി എന്തെന്നു വ്യക്തമല്ല. മോഡല്‍ പുനഃരാരംഭിക്കാനോ ബി എം ഡബ്ല്യു 'മിനി' പോലെ റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് 'അംബാസഡറി'നെ വീണ്ടും വില്‍പ്പനയ്‌ക്കെത്തിക്കാനോ ഉള്ള സാധ്യതകളാണു പറഞ്ഞു കേള്‍ക്കുന്നത്.

ambassador

ഏതാനും വര്‍ഷം മുമ്പുള്ള പ്യുഷൊ പരസ്യത്തില്‍ 'അംബാസഡര്‍' ഇടംപിടിച്ചിരുന്ന എന്ന കൗതുകവുമുണ്ട്. 'അംബാസഡര്‍' കാറിനെ 'പ്യുഷൊ 206' ആക്കി മാറ്റാനുള്ള ശ്രമമായിരുന്നു ആ പരസ്യം പങ്കുവച്ചത്. ബ്രിട്ടനില്‍ നിന്നുള്ള 'മോറിസ് ഓക്‌സ്ഫഡ്' അടിസ്ഥാനമാക്കിയ എച്ച് എം 'അംബാസഡര്‍' 1957ലാണു സി കെ ബിര്‍ല ഗ്രൂപ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഉദാരവല്‍ക്കരണത്തിനു മുമ്പ് വിപണിയിലെ സാധ്യതകള്‍ പരിമിതമായിരുന്ന കാലത്ത് ടാക്‌സി ഡ്രൈവര്‍മാരെ പോലുള്ള സാധാരണക്കാര്‍ മുതല്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി കാര്‍ മാറി. ആദ്യ മോഡലായ 'ലാന്‍ഡ് മാസ്റ്റര്‍' മുതല്‍ മാര്‍ക്ക് വണ്‍, ടു, ത്രീ, ഫോര്‍, 'നോവ', 'ഐ എസ് സെഡ്'(ഇസൂസു ഡീസല്‍ എന്‍ജിന്‍ സഹിതം) തുടങ്ങി 2003 - 04 കാലത്തെ 'ഗ്രാന്‍ഡ്', 'അവിഗൊ' പതിപ്പുകളില്‍ വരെ 'അംബാസഡര്‍' വില്‍പ്പനയ്‌ക്കെത്തി. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വാഹന നിര്‍മാണശാലയ്ക്കായിരുന്നു എച്ച് എം 1942ല്‍ ഉത്തര്‍പാറയില്‍ തുടക്കമിട്ടത്; ഏഷ്യയിലെ ആദ്യ ശാലയാവട്ടെ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയുടേതാണ്.

ambassador-3

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ കാറെന്ന പെരുമ പേറുന്ന 'അംബാസഡറി'നെ അക്കാലത്തെ സമ്പന്നര്‍ അഭിമാന ചിഹ്‌നമായി തന്നെ കരുതിപ്പോന്നു. എന്നാല്‍ ജപ്പാനില്‍ നിന്നുള്ള സുസുക്കിയുടെ പങ്കാളിത്തത്തോടെ മാരുതി കാറുകള്‍ നിരത്തിലെത്തിയതോടെ 'അംബാസഡറി'ന്റെ ജനപ്രീതിയും പിന്നാലെ പ്രസക്തിയും നഷ്ടമായി. വിദേശത്തു നിന്നെത്തിയ വിവിധ നിര്‍മാതാക്കള്‍ അവതരിപ്പിച്ച പുത്തന്‍ കാറുകളോടു പോരാടാന്‍ ദീര്‍ഘമായ ഇടവേളകള്‍ക്കൊടുവില്‍ എച്ച് എം നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പര്യാപ്തമായില്ല. ഇതോടെ എണ്‍പതുകളുടെ മധ്യത്തില്‍ 24,000 യൂണിറ്റോളമെത്തിയ വാര്‍ഷിക വില്‍പ്പന 2013 - 14ല്‍ വെറും 2,500 യൂണിറ്റിലേക്ക് താഴ്ന്നു. തുടര്‍ന്ന് 2014 മേയ് 24നു പശ്ചിമ ബംഗാളിലെ ഉത്തര്‍പാറ ശാലയില്‍ 'അംബാസഡറി'ന്റെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിക്കുകയും ചെയ്തു. സി കെ ബിര്‍ലയുമായുള്ള സംയുക്ത സംരംഭവുമായി ഇന്ത്യയിലേക്കു മടങ്ങുകയാണെന്ന് കഴിഞ്ഞ മാസമാണ് പ്യുഷൊയുടെയും സിട്രോന്റെയും മാതൃസ്ഥാപനമായ പി എസ് എ ഗ്രൂപ് പ്രഖ്യാപിച്ചത്. വാഹന നിര്‍മാണ, വിതരണ മേഖലകളിലെ സഹകരണത്തിനൊപ്പം തമിഴ്‌നാട്ടില്‍ എച്ച് എമ്മിനുള്ള ശാല പ്രയോജനപ്പെടുത്തി പവര്‍ട്രെയ്ന്‍ നിര്‍മാണം ആരംഭിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.