Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരു ശാല: 600 കോടി രൂപ മുടക്കാൻ എച്ച് എം എസ് ഐ

honda-logo

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) കർണാടകത്തിലെ ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നു. ബെംഗളൂരുവിനടുത്തു നരസാപുരയിലെ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 18 ലക്ഷം യൂണിറ്റിലെത്തിക്കാൻ അടുത്ത രണ്ടു വർഷത്തിനിടെ 600 കോടി രൂപയാണു കമ്പനി മുടക്കുക.
നരസാപുര വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ശാലയുടെ ഇപ്പോഴത്തെ ഉൽപ്പാദനശേഷി പ്രതിവർഷം 12 ലക്ഷം ഇരുചക്രവാഹനങ്ങളാണ്. വികസനം പൂർത്തിയാവുന്നതോടെ ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ള മൊത്തം ഉൽപ്പാദനശേഷി 64 ലക്ഷം യൂണിറ്റായി ഉയരും.

ഗുജറാത്തിലെ പുതിയ ശാല പ്രവർത്തനം തുടങ്ങിയതിനാൽ വരുന്ന മാർച്ചിനകം ഇന്ത്യയിലെ മൊത്തം ഉൽപ്പാദനശേഷി 58 ലക്ഷം യൂണിറ്റാവുമെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു അറിയിച്ചു. രണ്ടു വർഷത്തിനകം നരസാപൂരിൽ പ്രതിവർഷം ആറു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കും. ഇതിന് 600 കോടി രൂപയാണു ചെലവ് കണക്കാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 30% വിഹിതം സ്വന്തമാക്കാനാവുമെന്നാണ് എച്ച് എം എസ് ഐയുടെ പ്രതീക്ഷ. ഉൽപ്പാദനശേഷി ഉയർത്തുന്നതും ഗുജറാത്തിലെ വിത്തൽപൂരിൽ സ്ഥാപിതമാവുന്ന നാലാം ശാല പ്രവർത്തനം ആരംഭിച്ചതുമൊക്കെ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ കമ്പനിയെ സഹായിക്കുമെന്ന് മുരമാറ്റ്സു അഭിപ്രായപ്പെട്ടു. നിലവിൽ 27% ആണ് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ എച്ച് എം എസ് ഐയുടെ വിഹിതം.

ഇക്കൊല്ലം വിൽപ്പന വളർച്ചയ്ക്ക് അനുകൂല സാഹചര്യമാണ്. ഗുജറാത്തിൽ നിന്നുള്ള ഉൽപ്പാദനത്തിന്റെ പിൻബലത്തിൽ വിൽപ്പനയിൽ 20% വർധന കവരിക്കാനാവുമെന്നാണു പ്രതീക്ഷ. കഴിഞ്ഞ വർഷം കയറ്റുമതി അടക്കം 44 ലക്ഷം ഇരുചക്രവാഹനങ്ങളാണ് എച്ച് എം എസ് ഐ വിറ്റത്; ഇക്കൊല്ലത്തെ വിൽപ്പന 50 ലക്ഷം യൂണിറ്റിലെത്തുമെന്ന് മുരമാറ്റ്സു പ്രത്യാശിച്ചു. അയൽരാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലദേശ് എന്നിവയടക്കം 20 രാജ്യങ്ങളിലേക്കാണ് എച്ച് എം എസ് ഐയുടെ കയറ്റുമതി; കഴിഞ്ഞ വർഷം രണ്ടു ലക്ഷത്തോളം യൂണിറ്റാണു കമ്പനി വിദേശത്തു വിറ്റത്.

നിലവിൽ നാലു നിർമാണശാലകളാണു ഹോണ്ടയ്ക്ക് ഇന്ത്യയിലുള്ളത്: മനേസാർ(ഹരിയാന), തപുകര(രാജസ്ഥാൻ), നരസാപുര(കർണാടക), വിത്തൽപൂർ(ഗുജറാത്ത്). മൊത്തം 58 ലക്ഷം യൂണിറ്റാണ് ഈ ശാലകളുടെ ഉൽപ്പാദനശേഷി.  

Your Rating: