Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് എം എസ് ഐയിൽ വേതന പരിഷ്കരണ കരാറായി

Honda logo

ഹരിയാനയിലെ മനേസാറിലെ പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുമായി പുതിയ വേതന കരാർ ഒപ്പിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). മാനേജ്മെന്റും ജീവനക്കാരുമായി ശനിയാഴ്ച നടന്ന ചർച്ചയിലെ ധാരണപ്രകാരം 2015 — 2018 കാലത്തിനിടെ തൊഴിലാളികളുടെ പ്രതിമാസ വേതനത്തിൽ 23,000 രൂപയുടെ വരെ വർധനയാണു നടപ്പാവുന്നതെന്നാണു സൂചന. അനുവദിച്ച ഇൻക്രിമെന്റിന്റെ 60 ശതമാനവും ആദ്യ വർഷം തന്നെ ജീവനക്കാർക്കു ലഭിക്കും; അവശേഷിക്കുന്ന തുക രണ്ടും മൂന്നും വർഷങ്ങളിൽ തുല്യമായി അനുവദിക്കാനാണു ധാരണ. വാഹന നിർമാതാക്കൾ മൂന്നു വർഷത്തിലൊരിക്കൽ വേതന പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എച്ച് എം എസ് ഐയുടെ നടപടി.

കഴിഞ്ഞ മാസം ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും കമ്പനിയിലെ തൊഴിലാളി സംഘടനയായ യുണൈറ്റഡ് യൂണിയൻ ഓഫ് ഹ്യുണ്ടേയ് എംപ്ലോയീസുമായി വേതന വർധന സംബന്ധിച്ചു ധാരണയിലെത്തിയിരുന്നു. കരാർ പ്രകാരം സാങ്കേതിക വിദഗ്ധർക്ക് അടുത്ത മൂന്നു മാസത്തിനിടെ പ്രതിമാസ വേതനത്തിൽ ശരാശരി 19,000 രൂപയുടെ വർധനയാണു ലഭിക്കുക. 2015 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്ന വേതനപരിഷ്കാര കരാർ 2018 മാർച്ച് വരെ നിലവിലുണ്ടാകും. രാജ്യത്ത് കാർ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജീവനക്കാരുടെ വേതനവും കഴിഞ്ഞ സെപ്റ്റംബറിൽ പരിഷ്കരിച്ചിരുന്നു. ഹരിയാനയിലെ ഗുഡ്ഗാവിലും മനേസാറിലുമുള്ള ശാലകളിലെ ജീവനക്കാരുടെ വേതനത്തിൽ പ്രതിമാസം 16,800 രൂപയുടെ വരെ വർധനയാണു നടപ്പായത്. കൂടാതെ ശമ്പള പരിഷ്കരണ ചർച്ചകൾ സമാധാനപരമായി പൂർത്തിയായതിലുള്ള ആഹ്ലാദം പ്രകടിപ്പിച്ച കമ്പനി മാനേജിങ് ഡയറക്ടർ കെനിചി അയുകാവ ഓരോ ജീവനക്കാരനും 3,000 രൂപയുടെ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു.

Your Rating: