Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവാഘോഷം: ബൈക്കുകൾക്ക് ഇളവുമായി എച്ച് എം എസ് ഐ

Honda Two Wheelers

കാർ നിർമാതാക്കൾ വില വർധിപ്പിക്കുന്നതിനിടെ ഉത്സവകാലത്ത് രണ്ടു ശതമാനം വരെ വിലക്കിഴിവ് അനുവദിക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ആലോചിക്കുന്നു. വില കുറച്ചാവില്ല ആനുകൂല്യം അനുവദിക്കുകയെന്നും പകരം അക്സസറികളോ ഇൻഷുറൻസോ സൗജന്യമായി നൽകാനാണു കമ്പനി ആലോചിക്കുന്നതെന്നും എച്ച് എം എസ് ഐ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അറിയിച്ചു. ചൂടപ്പം പോലെ വിറ്റഴിയുന്ന ഹോണ്ട സ്കൂട്ടറുകൾക്ക് ഈ ഇളവ് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പകരം മോട്ടോർ സൈക്കിളുകൾക്കു മാത്രമാവും ഹോണ്ടയുടെ ഈ ഉത്സവകാല ആനുകൂല്യം.

ദീപാവലി, നവരാത്രി ആഘോഷം പ്രമാണിച്ചു മോട്ടോർ സൈക്കിളുകൾക്കു മാത്രമായി പ്രഖ്യാപിക്കുന്ന പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും ഗുലേറിയ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഈ ഉത്സവകാലത്തു മെച്ചപ്പെട്ട വിൽപ്പന കൈവരിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും ഉൽപ്പാദനത്തിലെ പരിമിതികൾ വിൽപ്പനയെ ബാധിക്കാനുള്ള സാധ്യതയും ഗുലേറിയ തള്ളുന്നില്ല. മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളുമായി ഇന്ത്യയിൽ പ്രതിമാസം ലഭ്യമായ പരമാവധി ഉൽപ്പാദന ശേഷിയായ നാലു ലക്ഷം യൂണിറ്റ് നിലവാരത്തിലാണു ശാലകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വർഷം ഉയർന്ന വിൽപ്പന കൈവരിച്ചതിനാൽ ഇക്കൊല്ലം കാര്യമായ വളർച്ച പ്രതീക്ഷിക്കാനാവില്ലെന്നും ഗുലേറിയ സൂചിപ്പിച്ചു. ഓഗസ്റ്റിലെ വിൽപ്പനക്കണക്കുകളും ഗുലേറിയയുടെ വാദത്തെ ശരിവയ്ക്കുന്ന തരത്തിലാണ്. 2014 ഓഗസ്റ്റിൽ 3.71 ലക്ഷം യൂണിറ്റ് വിറ്റ കമ്പനി കഴിഞ്ഞ മാസം നേടിയ വിൽപ്പന 3.73 ലക്ഷം യൂണിറ്റായിരുന്നു; മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് നാമമാത്രമായ വർധന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.