Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്കോഡ് ഹൈബ്രിഡ്; ബുക്കിങ്ങിനും തുടക്കം

accord-hybrid

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പ്രീമിയം ലക്ഷ്വറി സെഡാനായ ‘അക്കോഡ്’ അടുത്ത മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തും. ഒക്ടോബർ 25ന് അവതരിപ്പിക്കുമെന്നു കരുതുന്ന കാറിന്റെ സങ്കര ഇന്ധന വകഭേദത്തിനുള്ള ബുക്കിങ്ങും ഹോണ്ട സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 25 — 30 ലക്ഷം രൂപ വില നിലവാരത്തിൽ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന കാർ ബുക്ക് ചെയ്യാൻ 51,000 രൂപയാണു കമ്പനി അഡ്വാൻസായി ഈടാക്കുന്നത്. ഇടക്കാലത്ത് ഇന്ത്യയിൽ പ്രീമിയം ലക്ഷ്വറി സെഡാൻ വിഭാഗത്തിനു കനത്ത തിരിച്ചടി നേരിട്ടിരുന്നു. വിൽപ്പന കുത്തനെ ഇടിഞ്ഞ് ഇടക്കാലത്തു നാമമാത്ര സാന്നിധ്യമായി മാറിയെങ്കിലും പൂർണ വലിപ്പമുള്ള എക്സിക്യൂട്ടീവ് സലൂണുകൾ ഇപ്പോൾ ശക്തമായി തിരിച്ചെത്തുന്നുണ്ട്. പുതിയ ‘കാംറി ഹൈബ്രിഡ് പ്ലസു’മായി ടൊയോട്ട കിർലോസ്കർ മോട്ടോറും ‘സുപർബു’മായി സ്കോഡ ഓട്ടോയും അരങ്ങു വാഴുന്ന വിപണിയിലേക്കാണു പുത്തൻ ‘അക്കോഡു’മായി ഹോണ്ടയുടെ വരവ്.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘അക്കോഡ്’ ആണ് അഴ്ചകൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തുന്നത്. ദീപാവലി, നവരാത്രി ഉത്സവകാലം പ്രമാണിച്ച് അടുത്ത മാസം തന്നെ ‘അക്കോഡി’നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണു ഹോണ്ട കാഴ്സ്. ‘അക്കോഡി’നെ പ്രീമിയം വിഭാഗത്തിൽപെടുത്തിയാണ് 2008ൽ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതു തന്നെ. ഇപ്പോൾ ഒൻപതാം തലമുറ ‘അക്കോഡി’ന്റെ സങ്കര ഇന്ധന വകഭേദം ഇന്ത്യൻ നിരത്തിലെത്തുന്നതോടെ പ്രധാന എതിരാളികളായ ടൊയോട്ട ‘കാംറി ഹൈബ്രിഡി’നെ ഫലപ്രദമായി നേരിടാനാവുമെന്ന പ്രതീക്ഷയിലാണു ഹോണ്ട കാഴ്സ്. ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയി) പദ്ധതിയുടെ ആനുകൂല്യം കൂടി ലക്ഷ്യമിട്ടാണു ഹോണ്ട സങ്കര ഇന്ധന ‘അക്കോഡു’മായി എത്തുന്നത്.

പുത്തൻ ബംപർ, സ്റ്റൈൽ സമ്പന്നമായ ഹെഡ്ലൈറ്റ്, ക്രോം സ്പർശമുള്ള മുൻ ഗ്രിൽ തുടങ്ങിയവയാണു പുതിയ ‘അക്കോഡി’ന്റെ പുറംഭാഗത്തെ മാറ്റങ്ങൾ. ആപ്പിൾ കാർ പ്ലേ സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സംവിധാനമാവും കാറിന്റെ അകത്തളത്തിലെ പ്രധാന ആകർഷണം. ഇരട്ട വൈദ്യുത മോട്ടോറിന്റെ പിൻബലത്തോടെ രണ്ടു ലീറ്റർ പെട്രോൾ എൻജിനാവും പുതിയ ‘അക്കോഡി’നു കരുത്തേകുക. 141 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും; മോട്ടോറുകളുടെ പിൻബലം കൂടിയാവുന്നതോടെ മൊത്തം കരുത്ത് 200 ബി എച്ച് പി കടക്കും. 300 എൻ എം വരെയാണ് ഈ കൂട്ടുകെട്ട് സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. സങ്കര ഇന്ധന വിഭാഗത്തിൽപെടുന്നതിനാൽ പുതിയ ‘അക്കോഡി’ന് ലീറ്ററിന് 20 കിലോമീറ്റർ വരെ ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം. സങ്കര ഇന്ധന മോഡലിനു പുറമെ പെട്രോൾ എൻജിൻ മാത്രമുള്ള ‘അക്കോഡും’ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.  

Your Rating: