Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ‘ബി ആർ — വി’ ഏപ്രിലോടെ ഇന്ത്യയിലേക്ക്

Honda BR-V

ഇന്ത്യൻ വാഹന വിപണിക്കു ക്രോസ് ഓവർ മോഡലുകളോടുള്ള താൽപര്യം മുതലെടുക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുമെത്തുന്നു. ക്രോസ് ഓവർ യൂട്ടിലിറ്റി വാഹനമെന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ബി ആർ — വി’ അടുത്ത സാമ്പത്തിക വർഷമാദ്യം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു ഹോണ്ട പ്രഖ്യാപിച്ചു. റെനോ ‘ഡസ്റ്ററും’ ഹ്യുണ്ടായ് ‘ക്രേറ്റ’യും ഫോഡ് ‘ഇകോ സ്പോർട്ടും’ മാരുതി സുസുക്കി ‘എസ് ക്രോസു’മൊക്കെ അരങ്ങുവാഴുന്ന വിപണിയിലേക്കാണു ഹോണ്ട ‘ബി ആർ — വി’യുമെത്തുന്നത്.

അവതരണത്തിനു മുന്നോടിയായി വിവിധ ഇന്ത്യൻ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കു മുമ്പിൽ ‘ബി ആർ — വി’ അവതരിപ്പിച്ച് പ്രതികരണങ്ങളും അഭിപ്രായങ്ങളും തേടുന്ന ‘പ്രോഡക്ട് ക്ലിനിക്കു’കൾക്കും ഹോണ്ട കാഴ്സ് തുടക്കമിട്ടുകഴിഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ചാവും വാഹനത്തിൽ ഉൾപ്പടുത്തേണ്ട സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ഹോണ്ട അന്തിമമായി തീരുമാനിക്കുക.

‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടിന്വസ്​ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.

എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും പ്ലാറ്റ്ഫോമിൽ സാക്ഷാത്കരിച്ച ‘ബി ആർ — വി’യുടെ പ്രധാന സവിശേഷതയായി ഹോണ്ട അവതരിപ്പിക്കുക മൂന്നാം നിരയിലെ സീറ്റുകളാവും. ‘ബി ആർ — വി’യുടെ ലീഡ് മാർക്കറ്റായി ഹോണ്ട പരിഗണിക്കുന്ന ഇന്തൊനീഷയിൽ ഡിസംബറിൽ വാഹനം വിൽപ്പയ്ക്കെത്തും. തുടർന്ന് ഏതാനും മാസങ്ങൾക്കകം ‘ബി ആർ — വി’ ഇന്ത്യയിലേക്കുമെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.