Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ‘ബി ആർ വി’യുടെ അരങ്ങേറ്റം മേയിൽ

honda-br-v Honda BR-V

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ബി ആർ വി’യുടെ അരങ്ങേറ്റം മിക്കവാറും മേയ് അവസാനവാരത്തോടെയെന്നു സൂചന. ഇന്ത്യൻ സാഹചര്യത്തിൽ സ്ഥാനം കോംപാക്ട് എസ് യു വി വിഭാഗത്തിലാണെങ്കിലും ‘ബി ആർ — വി’യെ ക്രോസോവർ യൂട്ടിലിറ്റി വെഹിക്കിൾ(സി യു വി) എന്നു വിളിക്കാനാണു ഹോണ്ടയ്ക്കു താൽപര്യം. റെനോ ‘ഡസ്റ്ററും’ ഹ്യുണ്ടായ് ‘ക്രേറ്റ’യും ഫോഡ് ‘ഇകോ സ്പോർട്ടും’ മാരുതി സുസുക്കി ‘എസ് ക്രോസു’മൊക്കെ അരങ്ങുവാഴുന്ന ഇന്ത്യൻ വിപണിയിലേക്കാണു ഹോണ്ട ‘ബി ആർ — വി’യുമെത്തുന്നത്. ഇവയ്ക്കൊപ്പം അടുത്തു തന്നെ മാരുതി സുസുക്കി പുറത്തിറക്കുന്ന ‘വിറ്റാര ബ്രേസ്സ’യിൽ നിന്നുള്ള വെല്ലുവിളിയും ‘ബി ആർ വി’ക്കു നേരിടേണ്ടി വരും.

honda-br-v-1 Honda BR-V

ചെറുകാറായ ‘ബ്രിയോ’യുടെയും എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെയും വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയുമൊക്കെ പ്ലാറ്റ്ഫോമിൽ തന്നെയാണു ഹോണ്ട ‘ബി ആർ വി’യും സാക്ഷാത്കരിച്ചിരിക്കുന്നത്. എങ്കിലും നിലവിൽ വിപണിയിലുള്ള എസ് യു വികളിൽ നിന്നു വ്യത്യസ്തമായി മൂന്നു നിരകളിലായി ഏഴു സീറ്റുകളുമായിട്ടാവും ‘ബി ആർ വി’യുടെ വരവ്. വ്യക്തമായ സൂചനകളില്ലങ്കിലും എട്ടു ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാവും ‘ബി ആർ വി’യുടെ വകഭേദങ്ങൾക്കു വിലയെന്നാണു വിപണിയുടെ പ്രതീക്ഷ. രൂപകൽപ്പനയിൽ ഹോണ്ടയുടെ പുതിയ ശൈലി പിന്തുടരുന്ന ‘ബി ആർ — വി’യിൽ പ്രൊജക്ടർ യൂണിറ്റും എൽ ഇ ഡി പൊസിഷൻ ലൈറ്റുമുള്ള സ്പോർട്ടി ആംഗുലർ ഹെഡ്ലാംപ്, ആക്രമണോത്സുക മുൻ ബംപർ ഹൗസിങ്, ക്രോം ബെസെൽ സഹിതം വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്, യു ആകൃതിയിലുള്ള ക്രോം സ്ലാറ്റ് സഹിതം ഹോണ്ട ബാഡ്ജ് പതിച്ച മുൻ ഗ്രിൽ എന്നിവയെല്ലാമുണ്ട്.

honda-br-v-4 Honda BR-V

‘ബോൾഡ് റൗണ്ട് എബൗട്ട് വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായ ‘ബി ആർ — വി’ക്കു കരുത്തേകുന്നത് 1.5 ലീറ്റർ ഐ വി ടെക് പെട്രോൾ, 1.5 ലീറ്റർ, ഐ ഡിടെക് എർത്ത് ഡ്രീംസ് ഡീസൽ എൻജിനുകളാവും. ഇതോടൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ഗീയർബോക്സ്. കൂടാതെ പെട്രോൾ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ കണ്ടിന്വസ്ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ലഭ്യമാക്കാനും ഹോണ്ട ആലോചിക്കുന്നുണ്ട്.