Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട കാഴ്സും കാർ വില കൂട്ടി; വർധന 10,000 രൂപ വരെ

honda city Honda City

ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ വിലയിൽ 10,000 രൂപയുടെ വരെ വർധന നടപ്പാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് തീരുമാനിച്ചു. ഇതോടെ ടൊയോട്ട കിർലോസ്കർ മോട്ടോറിനും ടാറ്റ മോട്ടോഴ്സിനും സ്കോഡ ഓട്ടോയ്ക്കും പിന്നാലെയാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ച വാഹനവില വർധന പ്രാബല്യത്തിലെത്തുന്നത്. എൻട്രി ലവൽ കാറായ ‘ബ്രിയോ’യുടെ വിലയിൽ 2,000 രൂപയാണു വർധന; ഇതോടെ കാറിന്റെ വകഭേദങ്ങൾക്കു ഡൽഹി ഷോറൂമിൽ 4.27 ലക്ഷം മുതൽ 6.85 ലക്ഷം രൂപ വരെയായി വില. കോംപാക്ട് സെഡാനായ ‘അമെയ്സി’ന്റെ വിലയിൽ 3,500 രൂപയാണു വർധന; പുതിയ വില 5.26 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. അടുത്തയിടെ വിപണിയിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ വിലയിൽ 4,800 രൂപയുടെ വർധനയാണു നടപ്പായത്. 5.45 ലക്ഷം മുതൽ 8.73 ലക്ഷം രൂപ വരെയാണു ‘ജാസി’ന്റെ പുതിയ വില.

Honda Jazz Honda Jazz

വിവിധോദ്ദേശ്യ വാഹനമായ ‘മൊബിലിയൊ’യുടെയും ഇടത്തരം സെഡാനായ ‘സിറ്റി’യുടെയും വിലയിൽ 3,000 രൂപ വീതമാണു വർധന. ഇതോടെ ഇരു മോഡലുകളുടെയും ഡൽഹിയിലെ ഷോറൂം വില 6.82 ലക്ഷം മുതൽ 11.95 ലക്ഷം രൂപ വരെയായി ഉയർന്നു.പ്രീമിയം എസ് യു വിയായ ‘സി ആർ വി’യുടെ വിലയിലാണ് 10,000 രൂപയുടെ വർധന നിലവിൽവന്നത്; ഇതോടെ ‘സി ആർ വി’യുടെ വില 25.23 ലക്ഷം രൂപയായിട്ടുണ്ട്. പുതുവർഷത്തിൽ വില കൂട്ടുമെന്നു വിവിധ നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ടൊയോട്ടയും ടാറ്റയും സ്കോഡയും മാത്രമാണ് ഇതുവരെ ഈ പ്രഖ്യാപനം നടപ്പാക്കിയത്. ടൊയോട്ടയുടെ വിവിധ മോഡലുകളുടെ വിലയിൽ 31,500 രൂപയുടെ വരെ വർധനയാണു നിലവിൽ വന്നത്. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വിലയിൽ 33,000 രൂപയുടെ വരെ വർധനയും നിലവിൽവന്നു. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ടാറ്റ മോട്ടോഴ്സിന്റെ വില വർധന 20,000 രൂപ വരെയാണ്.

Honda Mobilio Honda Mobilio

മാരുതി സുസുക്കി, ഹ്യുണ്ടേയ് മോട്ടോർ, ജനറൽ മോട്ടോഴ്സ്, റെനോ, നിസ്സാൻ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് തുടങ്ങിയ നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. മാരുതിയും ജനറൽ മോട്ടോഴ്സും 20,000 രൂപയും ഹ്യുണ്ടേയ് 30,000 രൂപയും വർധിപ്പിക്കുമെന്നാണു പ്രഖ്യാപിച്ചത്. മറ്റു നിർമാതാക്കളാവട്ടെ രണ്ടു മുതൽ മൂന്നു ശതമാനം വരെ വർധിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.