Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപ്പനയിൽ 10% വർധന പ്രതീക്ഷിച്ചു ഹോണ്ട

honda-br-v-test-drive-2

ഇക്കൊല്ലത്തെ വാഹന വിൽപ്പനയിൽ 10% വളർച്ച മോഹിച്ച് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ). ‘അക്കോഡി’ന്റെ സങ്കര ഇന്ധന വകഭേദം അവതരിപ്പിച്ചും വിപണന ശൃംഖല വിപുലീകരിച്ചുമൊക്കെയാണ് കമ്പനി ഈ നേട്ടം കൈവരിക്കാൻ ലക്ഷ്യമിടുന്നത്. ഒപ്പം ഇന്ത്യയിൽ നിന്നുള്ള യന്ത്രഘടക കയറ്റുമതി 1,400 കോടി രൂപയുടേതായി ഉയർത്താനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്.
രാജസ്ഥാനിലെ തപുകര ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ എച്ച് സി ഐ എൽ 380 കോടി രൂപ നിക്ഷേപിക്കും. നിലവിൽ 1.20 ലക്ഷം കാർ നിർമിക്കാൻ ശേഷിയുള്ള ശാലയിൽ നിന്നു വികസനത്തിനു ശേഷം പ്രതിവർഷം 1.80 ലക്ഷം കാറുകളാണു പുറത്തെത്തുക. ഇതോടെ ഇന്ത്യയിൽ കമ്പനിയുടെ മൊത്തം ഉൽപ്പാദനശേഷി മൂന്നു ലക്ഷം യൂണിറ്റായി ഉയരുമെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം 1.92 ലക്ഷം യൂണിറ്റാണ് ഹോണ്ട വിറ്റത്; ഇക്കൊല്ലം ഇതിലും 10 ശതമാനമെങ്കിലും കൂടുതൽ വിൽക്കാനാവുമെന്നാണു പ്രതീക്ഷ. സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് ഡീലർഷിപ്പുകളുടെ എണ്ണം ഇപ്പോഴത്തെ 298ൽ നിന്ന് 340 ആക്കി ഉയർത്താനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്. വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനിക്കുള്ള ദൗർബല്യം പരിഹരിക്കാൻ നടപടിയുണ്ടാവുമെന്നും സെൻ സൂചിപ്പിച്ചു. നിലവിൽ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’ മാത്രമാണു ഹോണ്ടയുടെ മോഡൽ ശ്രേണിയിലുള്ളത്. എന്നാൽ റേഡിയോ ടാക്സി വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയില്ലെന്നും സെൻ വ്യക്തമാക്കി.

കാർ കയറ്റുമതിക്കായി ചെന്നൈയിലെ എണ്ണോർ തുറമുഖത്തെ ആശ്രയിക്കുന്നതു തുടരുമെന്നും സെൻ അറിയിച്ചു. മൊത്തം കയറ്റുമതി ചെലവ് പരിഗണിക്കുമ്പോൾ എണ്ണോർ തുറമുഖം വഴിയുള്ള കാർ നീക്കം ആദായകരമാണ്. ഭാവിയിൽ ഗുജറാത്തിലെ പിപാവാവ് തുറമുഖം വഴി കയറ്റുമതിക്കുള്ള സാധ്യതയും പരിഗണിക്കുമെന്നു സെൻ വെളിപ്പെടുത്തി. മൂന്നാം നിര സീറ്റ് പോലുള്ള ആവശ്യ ഘടകങ്ങൾ ഉൾക്കൊള്ളിച്ചതാണു പുതിയ കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’യുടെ ആകർഷണമെന്നു സെൻ അഭിപ്രായപ്പെട്ടു. പെട്രോൾ വകഭേദങ്ങൾക്ക് 8.91 — 12.19 ലക്ഷം രൂപയും ഡീസൽ വകഭേദങ്ങൾക്ക് 9.99 — 13.13 ലക്ഷം രൂപയും വിലയുള്ള ‘ബി ആർ — വി’ക്കായി നാലായിരത്തോളം ബുക്കിങ്ങും ലഭിച്ചിട്ടുണ്ടെന്നാണു ഹോണ്ടയുടെ കണക്ക്.
 

Your Rating: