Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ക്രോസോവറിലൂടെ നേട്ടം കൊയ്യാൻ ഹോണ്ട

honda-br-v-4 Honda BR-V

വിൽപ്പനയിൽ മികച്ച വളർച്ച ലക്ഷ്യമിട്ട് ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഒരുങ്ങുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ മൂന്നു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന ലക്ഷ്യം കൈവരിക്കാൻ നിലവിലുള്ള മോഡൽ ശ്രേണി പര്യാപ്തമാവില്ലെന്ന തിരിച്ചറിവിലാണു കമ്പനി. അതുകൊണ്ടുതന്നെ മോഡൽ ശ്രേണിയിലെ വിടവ് നികത്താൻ പുതിയ യൂട്ടിലിറ്റി വാഹനങ്ങൾ അവതരിപ്പിക്കാനാണു ഹോണ്ടയുടെ തയാറെടുപ്പ്. അടുത്ത 15 മാസത്തിനിടെ നാലോ അഞ്ചോ പുതിയ മോഡലുകളാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കുക. എൻട്രി ലവൽ സെഡാനായ ‘അമെയ്സി’ന്റെ പരിഷ്കരിച്ച പതിപ്പിനു പിന്നാലെ കോംപാക്ട് എസ് യു വിയായ ‘ബി ആർ — വി’ മേയിൽ വിൽപ്പനയ്ക്കെത്തും. പിന്നാലെ ദീപാവലി — നവരാത്രി ആഘോഷവേള ലക്ഷ്യമിട്ട് പുതിയ ‘അക്കോഡും’ പരിഷ്കരിച്ച ‘സിറ്റി’യുമെത്തും.

new-amaze-2 Honda Amaze

2017 ജനുവരിയിലാവും ‘ടു എഫ് എം’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന പുതിയ ക്രോസോവറിന്റെ വരവ്; പ്രീമിയം ഹാച്ച്ബാക്കായ ‘ജാസി’ന്റെ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു ഹോണ്ട പുതിയ ക്രോസോവർ നിർമിക്കുന്നത്. ബ്രസീലിലെ സാവോപോളോ മോട്ടോർ ഷോയിൽ ഈ പുതിയ ക്രോസോവർ പ്രദർശിപ്പിക്കാനാണു ഹോണ്ട ലക്ഷ്യമിടുന്നത്. നിലവിൽ വിപണിയിലുള്ള ക്രോസോവറുകളിൽ നിന്നു വ്യത്യസ്തമായി ‘ജാസി’ൽ നിന്നു ജനിക്കുന്ന മോഡലിന് എസ് യു വിയോടാവും സാമ്യമേറെ. അതുകൊണ്ടുതന്നെ, മികച്ച വിൽപ്പന കൈവരിക്കാനും ഈ ക്രോസോവറിനു കഴിയുമെന്നു ഹോണ്ട കണക്കുകൂട്ടുന്നു. ഡിസംബറോടെ ഉൽപ്പാദനം ആരംഭിക്കുന്ന ക്രോസോവറിനു മാസം തോറും 5,000 യൂണിറ്റിന്റെ വിൽപ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്.ഭാവി മോഡലുകളെപ്പറ്റി പ്രതികരണത്തിനില്ലെന്നായിരുന്നു ഈ വിഷയത്തിൽ എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അറിയിച്ചു. എങ്കിലും ഏഷ്യൻ, ഇന്ത്യൻ വിപണികളിൽ എസ് യു വി/സി യു വി വിഭാഗങ്ങളോടു താൽപര്യമേറെയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ മേയിൽ വിൽപ്പനയ്ക്കെത്തുന്ന ‘ബി ആർ — വി’ക്കു മികച്ച സ്വീകാര്യത നേടാനാവുമെന്ന പ്രതീക്ഷയിലാണു സെൻ.

Jazz Honda Jazz

ഡീസൽ എൻജിനുള്ള ‘അമെയ്സ്’, ‘സിറ്റി’ എന്നിവയിലൂടെ ഇന്ത്യയിലെ വിപണി വിഹിതത്തിൽ ഗണ്യമായ വർധന ഹോണ്ട കൈവരിച്ചിരുന്നു; നിലവിൽ ഇന്ത്യൻ വിപണിയിൽ ഏഴു മുതൽ എട്ടു ശതമാനം വരെയാണു കമ്പനിയുടെ വിഹിതം. എന്നാൽ പിന്നാലെയെത്തിയ ‘മൊബിലിയൊ’യ്ക്കും ‘ജാസി’നും ഈ കുതിപ്പ് നിലനിർത്താനാവാതെ പോയി. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ കാർ നിർമാതാക്കളിൽ മൂന്നാം സ്ഥാനത്തായിരുന്ന ഹോണ്ടയെ ഇക്കൊല്ലം മഹീന്ദ്ര ആൻഡ് മഹീന്ദ്ര പിന്തള്ളുകയും ചെയ്തു. പോരെങ്കിൽ ഇക്കൊല്ലത്തെ വിൽപനലക്ഷ്യം മൂന്നു തവണ പരിഷ്കരിക്കാനും ഹോണ്ട കാഴ്സ് ഇന്ത്യ നിർബന്ധിതരായി. ഡിസംബറിനു ശേഷം ഒറ്റ ‘മൊബിലിയൊ’ പോലും ഹോണ്ട ഉൽപ്പാദിപ്പിച്ചിട്ടില്ല; ‘ജാസി’ന്റെ വിൽപ്പനയാവട്ടെ എതിരാളികളായ മാരുതി സുസുക്കി ‘ബലേനൊ’, ഹ്യുണ്ടേയ് ‘എലീറ്റ് ഐ 20’ എന്നിവയെ അപേക്ഷിച്ച് തീരെ കുറവുമാണ്. കഴിഞ്ഞ ജൂലൈയിൽ നിരത്തിലെത്തിയ ‘ജാസി’ന്റെ ശരാശരി വിൽപ്പന പ്രതിമാസം 4,000 യൂണിറ്റാണ്.