Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ‘സി ബി ആർ 650 എഫ്’ ബുക്കിങ് തുടങ്ങി

Honda CBR 650F

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട സൂപ്പർ ബൈക്കായ ‘സി ബി ആർ 650 എഫി’നുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങി. അരലക്ഷം രൂപ മുൻകൂർ വാങ്ങിയാണു മുംബൈയിലും ഡൽഹിയിലും ഹോണ്ട ഈ ബൈക്കിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. മുംബൈയിൽ കമ്പനിയുടെ സ്വന്തം ഡീലർഷിപ്പിലായ അന്ധേരി ഈസ്റ്റ് സാകിനാക്കയിലെ ഹോണ്ട വിങ് വേൾഡിലാണു ബൈക്ക് ബുക്ക് ചെയ്യാൻ അവസരം; ഡൽഹിയിലാവട്ടെ കമ്പനി ഡീലർഷിപ്പായ നരൈയ്ന ഹോണ്ട വിങ് വേൾഡിനു പുറമെ പീരഗർഹിയിലെ ധിംഗ്ര ഹോണ്ടയിലും ‘സി ബി ആർ 650 എഫ്’ ബുക്ക് ചെയ്യാം.

രാജ്യത്തെ എട്ടു പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ‘റെവ്ഫെസ്റ്റ്’ ആഘോഷത്തിലാവും ‘സി ബി ആർ 650 എഫി’ന്റെ ഔപചാരികമായ അവതരണം. ഹോണ്ട ശ്രേണിയിൽ എൻജിൻ ശേഷിയിൽ മുന്നിട്ടു നിൽക്കുന്ന ബൈക്കിനൊപ്പം മൂന്നു പുതിയ മോഡലുകൾ കൂടി ‘റെവ്ഫെസ്റ്റി’ൽ ശ്രദ്ധാകേന്ദ്രമാവുമെന്നാണു പ്രതീക്ഷ; പുതിയ 125 സി സി മോട്ടോർ സൈക്കിൾ, 160 സി സി മോട്ടോർ സൈക്കിൾ, പരിഷ്കരിച്ച ‘സി ബി ആർ 250 ആർ’ എന്നിവയെയാണ് ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ചെന്നൈ, കൊൽക്കത്ത, ഇൻഡോർ, അഹമ്മദബാദ് നഗരങ്ങൾ ആതിഥ്യമരുളുന്ന ‘റെവ്ഫെസ്റ്റി’ൽ പ്രതീക്ഷിക്കുന്നത്.

നിലവിൽ സാന്നിധ്യമുള്ള 125 സി സി വിഭാഗത്തിൽ കാഴ്ചപ്പകിട്ടേറിയ, പ്രീമിയം മോഡലാവും ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പുറത്തിറക്കുക. ‘സി ബി ഷൈനു’മായി എൻജിനടക്കമുള്ള യന്ത്രഘടകങ്ങൾ പങ്കുവയ്ക്കുന്ന ബൈക്ക് പക്ഷേ കാഴ്ചപ്പകിട്ടിൽ ബഹുദൂരം മുന്നിലാവുമെന്നാണു പ്രതീക്ഷ. 110 സി സി വിഭാഗത്തിൽ പ്രീമിയം പ്രതിച്ഛായയ്ക്കായി പുറത്തിറക്കിയ ‘ലിവൊ’യാവുമത്രെ രൂപകൽപ്പനയിൽ ഈ പുതിയ 125 സി സി ബൈക്കിനു മാതൃക. ഈ വേളയിൽ ‘യൂണികോൺ 160’ ബൈക്കിന്റെ സ്പോർട്ടി പതിപ്പും ഹോണ്ട കാഴ്ചവയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്; സുസുക്കിയുടെ ‘ജിക്സറി’നോടും യമഹയുടെ ‘എഫ് സീ എസി’നോടുമൊക്കെ ഏറ്റുമുട്ടേണ്ട ബൈക്കിന്റെ എൻജിൻ ‘യൂണികോണി’ന്റേതാവുമെങ്കിലും കാഴ്ചയിലാവുമത്രെ പുതുമയത്രയും. കൂടാതെ പുതുവർണപ്പകിട്ടുമായി ‘സി ബി ആർ 250 ആറി’ന്റെ പരിഷ്കരിച്ച പതിപ്പും ‘റെവ്ഫെസ്റ്റി’ന്റെ ആകർഷണമാവുമെന്നാണു പ്രതീക്ഷ. ഇതിനു പകരം ഇതുവരെ ഇന്ത്യയിലെത്താത്ത ‘സി ബി ആർ 300 ആർ’ തന്നെ ആഘോഷത്തിനു മാറ്റേകാൻ എത്തിയാലും അത്ഭുതപ്പെടാനില്ല.

രാജ്യത്തെ തിരഞ്ഞെടുത്ത 12 ഡീലർഷിപ്പുകളിൽ സജ്ജീകരിച്ച ‘വിങ് വേൾഡ്’ വിഭാഗം വഴിയാവും ഹോണ്ട ‘സി ബി ആർ 650 എഫി’ന്റെ വിൽപ്പന. ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരബാദ്, ചെന്നൈ, കൊൽക്കത്ത, ഇൻഡോർ, ചണ്ഡീഗഢ്, അഹമ്മദബാദ്, പുണെ, ലക്നൗ, ഭുവനേശ്വർ നഗരങ്ങൾക്കൊപ്പം കൊച്ചിയിലെ ഇ വി എം ഹോണ്ടയിലും ‘വിങ് വേൾഡ്’ പ്രവർത്തനക്ഷമമാവുന്നുണ്ട്. ഇതിനു പുറമെ കമ്പനിയുടെ സ്വന്തം ഡീലർഷിപ്പുകളായ വിങ് വേൾഡ് ഡൽഹിയിലും വിങ് വേൾഡ് മുംബൈയിലും ‘സി ബി ആർ 650 എഫ്’ ലഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.