Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധന സെൽ: ജി എമ്മും ഹോണ്ടയും സഹകരിക്കുന്നു

honda-gm

യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സും ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കോർപറേഷനും ഇന്ധന സെൽ സാങ്കേതികവിദ്യ വികസനത്തിൽ സഹകരിക്കുമെന്നു സൂചന. ജി എമ്മിന്റെയും ഹോണ്ടയുടെയും മുതിർന്ന എക്സിക്യൂട്ടീവുകളും മിച്ചിഗൻ ലഫ്റ്റനന്റ് ഗവർണർ ബ്രയൻ കാലിയും ചേർന്നു തിങ്കളാഴ്ച നടത്തുന്ന സംയുക്ത മാധ്യമ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനായി ജനറൽ മോട്ടോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്(ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ്) മാർക് റിയൂസും ഹോണ്ട നോർത്ത് അമേരിക്കൻ റീജിയൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ തൊഷിയാകി മികൊഷിബയുമാണു മാധ്യമങ്ങളെ അഭിമുഖീകരിക്കുക. ആധുനിക സാങ്കേതികവിദ്യ എന്നതിനപ്പുറം പത്രസമ്മേളനത്തിലെ വിഷയത്തെപ്പറ്റി വിശദീകരിക്കാൻ ഇരുകമ്പനികളും സന്നദ്ധരായിട്ടില്ല.

അടുത്ത തലമുറ ഇന്ധന സെൽ സംവിധാനവും ഹൈഡ്രജൻ സംഭരണ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ 2013ൽ തന്നെ ഹോണ്ടയും ജി എമ്മുമായി സഖ്യത്തിലെത്തിയിരുന്നു. 2020നുള്ളിൽ പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയായിരുന്നു കൂട്ടുകെട്ടിന്റെ ലക്ഷ്യം.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഹരിതവാതക ഉൽപ്പാദനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ട് വിവിധ സർക്കാരുകൾ പ്രഖ്യാപിച്ച ക്രെഡിറ്റ് സ്വന്തമാക്കാൻ ഇന്ധന സെൽ മോഡലുകൾ സഹായിക്കുമെന്നതാണ് കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. പരിസ്്ഥിതി സംരക്ഷണത്തിനു നൽകിയ സംഭാവനയ്ക്കുള്ള ഈ ക്രെഡിറ്റുകളുടെ പിൻബലത്തിൽ ലാഭക്ഷമതയേറിയ വലിയ പെട്രോൾ എൻജിനുള്ള കാറുകൾ വിൽക്കാമെന്നതാണു കമ്പനികളുടെ ആകർഷണം. ഹൈഡ്രജനിൽ ഓടുന്ന കാർ സാക്ഷാത്കരിക്കാൻ ജി എം നടത്തുന്ന പരിശ്രമങ്ങൾക്ക് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. 1960കളുടെ മധ്യത്തിൽ ഹൈഡ്രജൻ ഇന്ധനമാക്കുന്ന പരീക്ഷണങ്ങൾക്കായി കമ്പനി ‘ഷെവർലെ കോർവെയർ’ പരിഷ്കരിച്ചെടുക്കുകയും ചെയ്തു.

ഹോണ്ടയുടെ ഹൈഡ്രജൻ ഇന്ധന സെൽ മോഡലായ ‘ക്ലാരിറ്റി ഫ്യുവൽ സെൽ’ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കലിഫോണിയയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. ഹൈഡ്രജന്റെയും ഓക്സിജന്റെയും സമന്വയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഇന്ധന സെൽ വാഹനങ്ങളുടെ ഓട്ടം. ലിതിയം അയോൺ ബാറ്ററികളിൽ നിന്ന് ഊർജം കണ്ടെത്തുന്ന വൈദ്യുത വാഹനങ്ങളിൽ നിന്നു വ്യത്യസ്തമായി പെട്രോളിൽ ഓടുന്ന പരമ്പരാഗത കാറുകളെ പോലെ ദീർഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ധനസെൽ സാങ്കേതികവിദ്യയുടെ പ്രധാന ആകർഷണം. എന്നാൽ ഹൈഡ്രജൻ നിറയ്ക്കാനുള്ള കേന്ദ്രങ്ങൾ ആവശ്യത്തിനില്ലാത്തതും സാങ്കേതികവിദ്യ വികസനത്തിനുള്ള വൻ ചെലവുമൊക്കെയാണ് ഇന്ധന സെൽ വാഹന വിൽപ്പനയ്ക്കും വ്യാപനത്തിനുമുള്ള പ്രധാന പ്രതിബന്ധം. 

Your Rating: