Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ആഫ്രിക്ക ട്വിൻ ജൂലൈയിൽ

2016 Honda Africa Twin Accessories

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ടൂവീലേഴ്സിന്റെ അ‍ഡ്വഞ്ചർ ടൂറർ ബൈക്ക് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ ഈ വർഷം ജൂലൈയിൽ വിപണിയിലെത്തും. കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കാനായിരുന്നു കമ്പനി ഉദ്ദേശിച്ചതെങ്കിലും ജപ്പാനിലെ ഭൂമികുലുക്കം മൂലം വൈകുകയായിരുന്നു. ഘടകങ്ങളായി ഇറക്കുമതി ചെയ്തു മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹോണ്ടയുടെ മനേസർ നിർമാണശാലയിൽ അസംബിൾ ചെയ്തായിരിക്കും ബൈക്ക് വിപണിയിലെത്തുക. സിബിആർ 650 ന് ശേഷം ഇന്ത്യയിൽ നിർമിക്കുന്ന രണ്ടാമത്തെ പ്രീമിയം ബൈക്കായിരിക്കും ആഫ്രിക്ക ട്വിൻ.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ഹോണ്ട ആഫ്രിക്ക ട്വിൻ പ്രദർശിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും പ്രചാരമുള്ള അഡ്വഞ്ചർ സ്പോർട്സ് ബൈക്കുകളിലൊന്നാണ് ആഫ്രിക്ക ട്വിൻ. ഡക്കാർ റാലിയിൽ സജീവ സാന്നിധ്യമാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ. 999 സിസി കോംപാക്റ്റ് ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 8 വാൽവ് എൻജിനാണ് സിആർഎഫ് 1000 എൽ ആഫ്രിക്ക ട്വിൻ-ന്റെ കരുത്ത്. കനം കുറഞ്ഞ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന സെമി-ഡബിൾ ഫ്രെയിം ഓഫ് റോഡിലും മികച്ച ബാലൻസ് നൽകുന്നു.

ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ ബൈക്കുകൾക്ക് ലഭിക്കുന്ന മികച്ച പ്രചാരമാണ് ആഫ്രിക്ക ട്വിന്‍ എന്ന ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഹോണ്ട നേരത്തെ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയിൽ അ‍ഡ്വഞ്ചർ ടൂറർ പുറത്തിറക്കുന്ന ആറാമത്തെ കമ്പനിയായി മാറി ഹോണ്ട ടൂവിലേഴ്സ്. ഡ്യുക്കാറ്റി, ബിഎംഡബ്ല്യു, ട്രയംഫ്, സുസുക്കി, കാവസാക്കി എന്നിവയുടെ ബൈക്കുകളുമായിട്ടായിരിക്കും ആഫ്രിക്ക ട്വിൻ ഏറ്റുമുട്ടുക. ഏകദേശം 14 ലക്ഷം രൂപയായിരിക്കും വില.