Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ശാല പ്രവർത്തനം പൂർണതോതിലെത്തിച്ചു ഹോണ്ട

honda-activa

ഗുജറാത്ത് ശാലയിലെ രണ്ടാം അസംബ്ലി ലൈൻ ഉൽപ്പാദനം ആരംഭിച്ച രണ്ടു മാസത്തിനകം തന്നെ ശേഷി പൂർണായും വിനിയോഗിച്ചതായി ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). അഹമ്മദബാദിൽ നിന്ന് 100 കിലോമീറ്ററകലെ വിത്തല്പൂരിലുള്ള ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 12 ലക്ഷത്തോളം സ്കൂട്ടറുകളാണ്. ശാലയിൽ നിർമിച്ച സ്കൂട്ടറുകൾ കയറ്റുമതി ചെയ്യാനും എച്ച് എം എസ് ഐയ്ക്കു പദ്ധതിയുണ്ട്. വിത്തൽപൂരിലെ ആദ്യ അസംബ്ലി ലൈൻ കഴിഞ്ഞ ഫെബ്രുവരിയിലും രണ്ടാമത്തേത് ജൂണിലുമാണു പ്രവർത്തനം ആരംഭിച്ചത്. വർഷാവസാനത്തോടെ ശാലയുടെ ശേഷി പൂർണതോതിൽ വിനിയോഗിക്കപ്പെടുമെന്നാണു പ്രതീക്ഷ. രണ്ട് അസംബ്ലി ലൈനുകളും പ്രവർത്തനക്ഷമമാണെന്നും മുമ്പ് നിശ്ചയിച്ചതിലും നേരത്തെ തന്നെ ശാല പൂർണതോതിൽ ഉൽപ്പാദനം ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്ത് 16 ലക്ഷം യൂണിറ്റാണ് എച്ച് എം എസ് ഐ വിറ്റത്; 2015ൽ ഇതേ കാലത്തെ അപേക്ഷിച്ച് 25.1% അധികമാണിത്. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. വിൽപ്പന കണക്കെടുപ്പിൽ ഇന്തൊനീഷയെയാണ് ഇന്ത്യ പിന്തള്ളിയത്. ഹോണ്ടയുടെ മൊത്തം വിൽപ്പനയുടെ 29% ആണ് നിലവിൽ ഇന്ത്യയുടെ സംഭാവന; കഴിഞ്ഞ വർഷം ഈ വിഹിതം 25% ആയിരുന്നു.ഇന്ത്യയിൽ ഹോണ്ടയുടെ വാർഷിക ഉൽപ്പാദനശേഷി 58 ലക്ഷം ഇരുചക്രവാഹനങ്ങളാണ്. ഹരിയാനയിലെ മനേസാർ ശാലയിൽ 16 ലക്ഷം യൂണിറ്റും രാജസ്ഥാനിലെ തപുകരയിൽ 12 ലക്ഷം യൂണിറ്റും കർണാടകത്തിലെ നരസാപുരയിൽ 18 ലക്ഷം യൂണിറ്റും ഗുജറാത്തിലെ വിത്തൽപൂരിൽ 12 ലക്ഷം യൂണിറ്റുമാണു കമ്പനിയുടെ സ്ഥാപിത ഉൽപ്പാദന ശേഷി.

കൂടാതെ അടുത്ത വർഷം 500 കോടി രൂപ ചെലവിൽ കർണാടക ശാലയുടെ ഉൽപ്പാദനശേഷി ആറു ലക്ഷം യൂണിറ്റ് കൂടി ഉയർത്താനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ 55% വിഹിതമാണ് എച്ച് എം എസ് ഐ അവകാശപ്പെടുന്നത്; മോട്ടോർ സൈക്കിൾ വിഭാഗത്തിലാവട്ടെ 15% ആണു കമ്പനിയുടെ വിപണി വിഹിതം. ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യാണ് ഇന്ത്യൻ വിപണിയിൽ ഹോണ്ടയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ചു മുന്നേറുന്നത്.  

Your Rating: