Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പറക്കും ഹോണ്ട’യായി ഹോണ്ട ജെറ്റ്

HondaJet-first-flight Honda Jet

അമേരിക്കൻ ഹോണ്ട മോട്ടോർ കമ്പനിയുടെ ഉപസ്ഥാപനമായ ഹോണ്ട എയർക്രാഫ്റ്റ് കമ്പനി നിർമിക്കുന്ന ‘ഹോണ്ടജെറ്റി’ന്റെ വിൽപ്പന തുടങ്ങി. നോർത്ത് കരോലിനയിലെ ഗ്രാൻസ്ബൊറോയിലെ കമ്പനി ആസ്ഥാനത്താണ് ആദ്യ ‘ഹോണ്ടജെറ്റ്’ ഉടമയ്ക്കു കൈമാറിയത്. ജപ്പാനിൽ നിന്നുള്ള വാഹന നിർമാതാക്കളായ ഹോണ്ട വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന ആദ്യ വിമാനമാണ് ‘ഹോണ്ടജെറ്റ്’. യു എസ് വ്യോമഗതാഗത മേഖലയെ നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനി(എഫ് എ എ)ൽ നിന്നുള്ള അന്തിമ സർട്ടിഫിക്കേഷൻ ലഭിച്ച് ഒറ്റ മാസത്തിനുള്ളിലാണു ഹോണ്ട ആദ്യ വിമാനം ഉടമകൾക്കു കൈമാറിയത്.

hondajet_interior Honda Jet Interior

പുതുമകളിലൂടെ മനുഷ്യരുടെ സഞ്ചാര സ്വാതന്ത്യ്രത്തെ പുതിയതലത്തിലെത്തിക്കാനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയാണ് ‘ഹോണ്ടജെറ്റ്’ കൈമാറ്റത്തിൽ പ്രതിഫലിക്കുന്നതെന്ന് ഹോണ്ട എയർക്രാഫ്റ്റ് കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിചിമാസ ഫ്യുജിനൊ അഭിപ്രായപ്പെട്ടു. ആദ്യ വിമാനം കൈമാറിയതോടെ സഞ്ചാരസ്വാതന്ത്യ്രത്തിലെ ഹോണ്ടയുടെ പ്രതിബദ്ധത വാനിലുമെത്തി. വൈകാതെ ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളിൽ ‘ഹോണ്ടജെറ്റ്’ പതിവുകാഴ്ചയാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.ലോകത്തിലെ ഏറ്റവും ആധുനിക ലഘു ജെറ്റ് എന്നാണു ഹോണ്ട പുതിയ ‘ഹോണ്ടജെറ്റി’നെ പരിചയപ്പെടുത്തുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും വേഗമേറിയതും ഏറ്റവും ഉയരത്തിലെത്തുന്നതും നിശ്ശബ്ദമായതും ഇന്ധനക്ഷമതേറിയതുമായ വിമാനമാണ് ഇതെന്നും ഹോണ്ട അവകാശപ്പെടുന്നു.

hondajet-cockpit Honda Jet Cockpit

ചിറകിനു മേൽ എൻജിൻ ഇടം പിടിക്കുന്ന തരത്തിലുള്ള സവിശേഷമായ ഓവർ ദ് വിങ് എൻജിൻ മൗണ്ട്(ഒ ടി ഡബ്ല്യു ഇ എം) രൂപകൽപ്പനയാണു വിമാനത്തിന്റെ മറ്റൊരു പ്രത്യേകത; ഏറോഡൈനാമിക് ഡ്രാഗ് കുറച്ച് പ്രകടനക്ഷമതയും ഇന്ധനക്ഷമതയും വർധിപ്പിക്കാൻ ഈ രൂപകൽപ്പന സഹായകമാവുമെന്നു ഹോണ്ട വിശദീകരിക്കുന്നു. കൂടാതെ കാബിനിലെ സ്ഥലസൗകര്യവും ബാഗേജ് സംഭരണ ശേഷിയും വർധിപ്പിക്കാനും അകത്തളത്തിലെ ശബ്ദശല്യം കുറയ്ക്കാനുമൊക്കെ ഈ ഘടന സഹായിക്കുന്നുണ്ട്. ആറു യാത്രക്കാരെയും വഹിച്ച് 30,000 അടി ഉയരത്തിൽ 420 നോട്ട് വരെ വേഗത്തിൽ പറക്കാൻ ‘ഹോണ്ടജെറ്റി’നാവും. ഗ്രീൻസ്ബൊറോ ആസ്ഥാനമായി 2006ലാണു ഹോണ്ട എയർക്രാഫ്റ്റ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ് മേഖലകളിലാണു ‘ഹോണ്ടജെറ്റ്’ വിൽപ്പനയ്ക്കുള്ളത്.