Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറന്നാൾ പ്രമാണിച്ചു ‘ലിവൊ’യ്ക്കു പുതുവർണം

honda-livo

കമ്യൂട്ടർ വിഭാഗത്തിലെ 110 സി സി മോട്ടോർ സൈക്കിളായ ‘ലിവൊ’യുടെ അരങ്ങേറ്റത്തിന്റെ ആദ്യ വാർഷികം പ്രമാണിച്ചു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) രണ്ടു പുതിയ നിറങ്ങൾ അവതരിപ്പിച്ചു. ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് നിറങ്ങളിലും ഇനി മുതൽ ‘ലിവൊ’ വിൽപ്പനയ്ക്കെത്തും. നിലവിൽ അത്ലറ്റിക് ബ്ലൂ മെറ്റാലിക്, പേൾ അമേസിങ് വൈറ്റ്, സൺസെറ്റ് ബ്രൗൺ മെറ്റാലിക്, ബ്ലാക്ക് നിറങ്ങളിലാണു ‘ലിവൊ’ വിപണിയിലുള്ളത്.

സെൽഫ് സ്റ്റാർട്ടും ഡ്രം ബ്രേക്കും അലോയ് വീലും സഹിതവും സെൽഫ് സ്റ്റാർട്ടും ഡിസ്ക് ബ്രേക്കും അലോയ് വീലും സഹിതവും രണ്ടു വകഭേദങ്ങളിലാണു ‘ലിവൊ’ വിൽപ്പനയ്ക്കുള്ളത്. സ്റ്റൈൽ സമ്പന്നമായ ‘ലിവൊ’യെ യുവതലമുറയ്ക്കു കൂടുതൽ സ്വീകാര്യമാക്കാൻ പുതുനിറങ്ങളുടെ വരവ് വഴി തെളിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 100 — 110 സി സി ബൈക്കുകളുടെ വിഭാഗത്തിലെ ബൈക്കുകളുടെ കാഴ്ചപ്പകിട്ടിനെ പുനഃനിർവചിക്കാൻ ‘ലിവൊ’യ്ക്കു കഴിഞ്ഞെന്നും എച്ച് എം എസ് ഐ കരുതുന്നു. യുവാക്കൾ മികച്ച വരവേൽപ്പ് നൽകിയതോടെ കഴിഞ്ഞ വർഷത്തിനുള്ളിൽ 2.50 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണു ‘ലിവൊ’ സ്വന്തമാക്കിയത്.

വിപണിയിൽ നിലനിന്ന പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണു ‘ലിവൊ’ തകർപ്പൻ വിൽപ്പന സ്വന്തമാക്കിയതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. കടുത്ത സമ്മർദവും വിൽപ്പനയിൽ ഇടിവുമാണ് രാജ്യത്തെ 100 — 110 സി സി വിഭാഗം ബൈക്കുകൾ അഭിമുഖീകരിച്ചത്. എന്നാൽ ഒറ്റ വർഷത്തിനിടെ 2.50 ലക്ഷം യൂണിറ്റ് വിൽപ്പനയാണു ‘ലിവൊ’ കൈവരിച്ചത്. ഇതോടെ ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഹോണ്ട മോഡലായും ‘ലിവൊ’ മാറിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: