Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മൊബിലിയൊ’യെ ഹോണ്ട പിൻവലിച്ചേക്കും

Mobilio Golden Front Honda Mobilio

വിൽപ്പന നിരാശാജനകമായ നിലയിൽ തുടരുന്നതു പരിഗണിച്ച് വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’ പിൻവലിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആലോചിക്കുന്നു. 2014 ജൂലൈയിൽ അരങ്ങേറ്റം കുറിച്ച ‘മൊബിലിയൊ’യുടെ പ്രതിമാസ വിൽപ്പന സെപ്റ്റംബറോടെ 3,500 യൂണിറ്റ് വരെ ഉയർന്നിരുന്നു. എന്നാൽ തുടർന്നു ക്രമമായി ഇടിവു രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിയിൽ വിൽപ്പന 441 യൂണിറ്റിലെത്തി; ഫെബ്രുവരിയിൽ 226 യൂണിറ്റുമായി. സെഡാനായ ‘സിറ്റി’യുടെ ഉൽപ്പാദനം പോലും നിർത്തിവച്ചായിരുന്നു ഹോണ്ട ‘മൊബിലിയൊ’ നിർമാണത്തിന് ഇടമൊരുക്കിയത്.

Honda Mobilio Honda Mobilio

സാഹചര്യം പ്രതികൂലമാണെന്ന തിരിച്ചറിവിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യ എം പി വി പിൻവലിക്കാൻ ഹോണ്ട ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ. മാത്രമല്ല, ‘മൊബിലിയൊ’യുടെ പിൻമാറ്റം സമാന വിലനിലവാരത്തോടെ വൈകാതെ വിപണിയിലെത്തുന്ന കോംപാക്ട് എസ് യു വിയായ ‘ബി ആർ വി’ വിൽപ്പനയെ സഹായിക്കുമെന്നും കമ്പനി കരുതുന്നു. നിർമാണം അവസാനിപ്പിച്ചാലും രണ്ടു മൂന്നു മാസത്തേക്കു കൂടി ‘മൊബിലിയൊ’ ഷോറൂമുകളിൽ ലഭ്യമാവുമെന്നാണു സൂചന. ഇതുവരെ ഉൽപ്പാദിപ്പിച്ച ‘മൊബിലിയൊ’ തന്നെ വിറ്റു പോവാതെ കെട്ടിക്കിടക്കുന്നുണ്ടത്രെ. എന്നാൽ മൊബിലിയോയെ പിൻവലിക്കുന്ന വാർത്തകൾ കമ്പനി നിഷേധിച്ചിട്ടുണ്ട്. ബി ആർ-വിയുടെ കൂടെ മൊബിലിയോയും വിൽപ്പനയ്ക്കുണ്ടാകുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Honda Mobilio Honda Mobilio

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘എർട്ടിഗ’യും റെനോയുടെ ‘ലോജി’യും ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ‘ഇന്നോവ’യുമൊക്കെയായിരുന്നു ‘മൊബിലിയൊ’യുടെ എതിരാളികൾ. കൂടുതൽ സ്ഥലസൗകര്യവും മികച്ച ഇന്ധനക്ഷമതയുമൊക്കെയുണ്ടായിട്ടും വില അമിതമാണെന്ന വിലയിരുത്തൽ ‘മൊബിലിയൊ’യ്ക്കു വിനയായെന്നു വേണം കരുതാൻ.
‘മൊബിലിയൊ’ വിട ചൊല്ലിയാൽ അതു ഹോണ്ടയിൽ നിന്നുള്ള പുത്തൻ അവതരണമായ ‘ബി ആർ വി’ക്കാവും ഗുണം ചെയ്യുകയെന്ന അഭ്യൂഹവും ശക്തമാണ്. ഒരേ പ്ലാറ്റ്ഫോമാണ് അടിത്തറയാവുന്നതെങ്കിലും കാഴ്ചപ്പകിട്ടിൽ ‘മൊബിലിയൊ’യെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നതും ‘ബി ആർ വി’ക്ക് അനുകൂല ഘടകമാണ്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ബി ആർ വി’യുടെ ഔപചാരിക അരങ്ങേറ്റം മേയ് അവസാനത്തോടെയാണു പ്രതീക്ഷിക്കുന്നത്. കോംപാക്ട് എസ് യു വി വിപണിയിൽ റെനോ ‘ഡസ്റ്റർ’, ഹ്യുണ്ടേയ് ‘ക്രേറ്റ’, മാരുതി സുസുക്കി ‘വിറ്റാര ബ്രേസ്സ’ തുടങ്ങിയവരാകും ‘ബി ആർ വി’യുടെ എതിരാളികൾ.

Your Rating: