Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ ‘നവി’ നേപ്പാളിലും വിൽപ്പനയ്ക്ക്

honda-navi-test-drive

ബൈക്കോ സ്കൂട്ടറോ എന്നു വ്യക്തമാക്കാതെ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) അവതരിപ്പിച്ച ‘നവി’ ഇനി നേപ്പാളിലും വിൽപ്പനയ്ക്ക്. എച്ച് എം എസ് ഐയുടെ ആർ ആൻഡ് ഡി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ‘നവി’ നേപ്പാൾ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ചിരുന്നു. സന്ദർശകരിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണു ‘നവി’ നേപ്പാൾ വിപണിയിലും അവതരിപ്പിക്കാൻ ഹോണ്ട തീരുമാനിച്ചത്. അരങ്ങേറ്റം കഴിഞ്ഞ് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ 500 യൂണിറ്റിന്റെ വിൽപ്പന നേടി ‘നവി’ തകർപ്പൻ തുടക്കമാണു കുറിച്ചതെന്നും എച്ച് എം എസ് ഐ അവകാശപ്പെട്ടു.

Honda Navi | Test Ride Review | Manorama Online

ഇന്ത്യൻ വിപണിയിൽ ‘നവി’ നേടിയ വിജയത്തിന്റെ പിൻബലത്തിലാണ് ഈ വിപ്ലവം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാൻ കമ്പനി ആഗ്രഹിക്കുന്നതെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ വിശദീകരിച്ചു. കമ്പനിയുടെ പ്രധാന കയറ്റുമതി വിപണിയെന്ന പരിഗണനയിലാണു ‘നവി’യെ തുടക്കത്തിൽ നേപ്പാളിൽ അവതരിപ്പിച്ചത്. നേപ്പാൾ ഓട്ടോ ഷോയിൽ മികച്ച പ്രതികരണം സൃഷ്ടിച്ച ‘നവി’യുടെ ആദ്യ 500 യൂണിറ്റുകൾ വെറും മൂന്നാഴ്ചയ്ക്കുള്ളിലാണു വിറ്റു പോയത്. അതുകൊണ്ടുതന്നെ നേപ്പാളിലും ‘നവി’ പുതുതരംഗം തീർക്കുമെന്ന് ഉറപ്പായെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ന്യൂ അഡീഷനൽ വാല്യൂ ഫോർ ഇന്ത്യ’ എന്നതിന്റെ ചുരുക്കെഴുത്തായി ‘നവി’ എന്നു പേരിട്ട ഈ മിനി ബൈക്കിലൂടെ ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’യ്ക്കു ബദൽ തേടുന്ന യുവതലമുറയെയാണ് എച്ച് എം എസ് ഐ ലക്ഷ്യമിടുന്നത്. ലക്ഷ്യമിടുന്നതു സമാന ഉപയോക്താക്കളെ ആയതിനാലാവാം ‘ആക്ടീവ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് എച്ച് എം എസ് ഐ ‘നവി’ സാക്ഷാത്കരിച്ചിരിക്കുന്നതും.

അതേസമയം സാങ്കേതിക വിഭാഗത്തിൽ ‘ആക്ടീവ’യോടു കാര്യമായ വ്യത്യാസമില്ലാതെയാണു ഹോണ്ട ‘നവി’ സാക്ഷാത്കരിച്ചത്. ‘നവി’യിലെ 109 സി സി എൻജിന് 7,000 ആർ പി എമ്മിൽ പരമാവധി എട്ടു പി എസ് കരുത്തും 5,500 ആർ പി എമ്മിൽ പരമാവധി 8.96 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ‘നവി’യിലുമുള്ളത്. സ്കൂട്ടറിനെ അപേക്ഷിച്ച് ഏഴു കിലോഗ്രാം കുറവാണെന്നതു ‘നവി’യുടെ പ്രകടനക്ഷമതയും മെച്ചപ്പെടുത്തുന്നുണ്ട്.
മുന്നിൽ 12 ഇഞ്ച്, പിന്നിൽ 10 ഇഞ്ച് വീലുകളാണു ‘നവി’ക്ക്; മുന്നിലും പിന്നിലും 130 എം എം ഡ്രം ബ്രേക്കുമുണ്ട്. ട്യൂബ്രഹിത ടയറോടെ എത്തുന്ന ‘നവി’യുടെ മുൻസസ്പെൻഷൻ ടെലിസ്കോപിക് ഫോർക്കും പിൻസസ്പെൻഷൻ ഹൈഡ്രോളിക് മോണോഷോക്കുമാണ്.

പാട്രിയറ്റ് റെഡ്, ഹോപ്പർ ഗ്രീൻ, ഷാസ്ത വൈറ്റ്, സ്പാർക്കി ഓറഞ്ച്, ബ്ലാക്ക് നിറങ്ങളിലാണു ‘നവി’ ലഭിക്കുക. നേപ്പാൾ ഇരുചക്രവാഹന വിപണിയിൽ 29% വിഹിതവുമായി നായകസ്ഥാനത്താണു ഹോണ്ട. ഇന്ത്യയിൽ നിന്ന് ‘ഡിയൊ’, ‘ഏവിയേറ്റർ’, ‘ആക്ടീവ 125’, ‘സി ഡി ഡ്രീം’, ‘സി ബി ഷൈൻ’, സി ബി ഷൈൻ എസ് പി’, ‘സി ബി യൂണികോൺ 160’, ‘സി ബി ഹോണറ്റ് ആർ’, ‘സി ബി ആർ 250 ആർ’ തുടങ്ങിയവയൊക്കെ ഹോണ്ട കയറ്റുമതി വഴി നേപ്പാളിൽ വിൽക്കുന്നുണ്ട്.  

Your Rating: