Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡിലെ ഹോണ്ട അൻപതിന്റെ നിറവിൽ

Honda logo

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ തായ്‌ലൻഡിലെ പ്രവർത്തനം അര നൂറ്റാണ്ട് പിന്നിട്ടു. തായ് ഹോണ്ട മാനുഫാക്ചറിങ് കമ്പനി എന്ന പേരിലാണു ഹോണ്ട തായ്‌ലൻഡിൽ മോട്ടോർ സൈക്കിളുകളും പവർ പ്രോഡക്ട്സും നിർമിക്കുന്നത്. തായ്‌ലൻഡിൽ ഹോണ്ട സ്ഥാപിച്ച ആദ്യ സംരംഭമായ തായ് ഹോണ്ട മാനുഫാക്ചറിങ് 1967ലാണു പ്രവർത്തനം ആരംഭിച്ചത്; തായ് വിപണിക്കുള്ള മോട്ടോർ സൈക്കിളുകളായിരുന്നു ആദ്യ ഉൽപന്നങ്ങൾ. 250 സി സി എൻജിനുള്ള ഇടത്തരം മോട്ടോർ സൈക്കിളുകളുടെ നിർമാണത്തിന് 2010ലാണു തായ് ഹോണ്ട തുടക്കമിട്ടത്. തായ്‌ലൻഡിൽ ഇത്തരം മോട്ടോർ സൈക്കിളുകൾ നിർമിച്ച ആദ്യ കമ്പനിയുടെ ഹോണ്ട തന്നെ. അടുത്ത വർഷം ഇടത്തരം മുതൽ എൻജിൻ ശേഷിയേറിയവ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ നിർമാണത്തിനുള്ള പുതിയ പ്രൊഡക്ഷൻ ലൈനും തായ് ഹോണ്ട സ്ഥാപിച്ചു.

ഉൽപന്നങ്ങളുടെ മൂല്യവർധനയ്ക്കുള്ള നിരന്തര ശ്രമമാണു കഴിഞ്ഞ 50 വർഷത്തിനിടെ തായ് ഹോണ്ട മാനുഫാക്ചറിങ് നടത്തി വരുന്നതെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഓഫിസറും ഹോണ്ട മോട്ടോർ കമ്പനി റപ്രസന്റേറ്റീവ് ഡയറക്ടറുമായ ടെറ്റ്സുവൊ ഇവാമുര വെളിപ്പെടുത്തി. ഇത്തരം നടപടികളുടെ ഫലമായാണ് ഹോണ്ട ഉൽപന്നങ്ങൾ തായ്‌ലൻഡിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഉപയോക്താക്കൾക്കു പ്രിയങ്കരമാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഭ്യന്തര വിപണിക്കു പുറമെ പല വിദേശ രാജ്യങ്ങളിലും തായ്‌ലൻഡിൽ നിർമിച്ച ഹോണ്ട ഉൽപന്നങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ആസിയാൻ രാജ്യങ്ങൾക്കുപുറമെ ഓസ്ട്രേലിയ, ജപ്പാൻ, യൂറോപ്പ്, നോർത്ത് അമേരിക്ക തുടങ്ങിയ വിപണികളിലേക്കും തായ് ഹോണ്ട മാനുഫാക്ചറിങ് കമ്പനി കയറ്റുമതി നടത്തുന്നുണ്ട്.

Your Rating: