Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച് എം എസ് ഐയുടെ ഗുജറാത്ത് ശാല അടുത്ത വർഷം

Two Wheelers

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഗുജറാത്തിലെ നിർമാണശാല അടുത്ത വർഷം ആദ്യത്തോടെ പ്രവർത്തനക്ഷമമാവും. ഗുജറാത്തിലെ തന്നെ ആദ്യ ഇരുചക്രവാഹന നിർമാണശാലയാണ് ഹോണ്ട സ്ഥാപിക്കുന്നതെന്ന സവിശേഷതയുണ്ട്. വൈകാതെ വഡോദരയ്ക്കടുത്ത് ഹീറോ മോട്ടോ കോർപിന്റെ പുതിയ മോട്ടോർ സൈക്കിൾ നിർമാണശാലയും സ്ഥാപിതമാവുന്നുണ്ട്.

സ്കൂട്ടറുകൾ മാത്രം നിർമിക്കാൻ ലക്ഷ്യമിട്ടാണ് മണ്ഡൽ താലൂക്കിലെ വിത്തൽപൂരിൽ ഏറ്റെടുത്ത 250 ഏക്കർ സ്ഥലത്ത് 1,100 കോടി രൂപ ചെലവിൽ എച്ച് എം എസ് ഐ പുതിയ ശാല സ്ഥാപിക്കുന്നത്. പ്രതിവർഷം 12 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാല, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടർ ഫാക്ടറിയാവുമെന്നാണു പ്രതീക്ഷ. പ്രവർത്തനം ആരംഭിച്ച് രണ്ടു വർഷത്തിനകം മൂവായിരത്തോളം തൊഴിലവസരങ്ങളാണു പുതിയ ശാല സൃഷ്ടിക്കുക. കഴിഞ്ഞ വർഷം ശിലാസ്ഥാപനം നടന്ന ശാലയുടെ നിർമാണം പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് എച്ച് എം എസ് ഐ ഗ്രൂപ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ വി ശ്രീധർ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തോടെ ശാല പ്രവർത്തനക്ഷമമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ടു ഘട്ടമായിട്ടാവും എച്ച് എം എസ് ഐയുടെ ഗുജറാത്ത് ശാല പ്രവർത്തനം തുടങ്ങുക; പ്രതിവർഷം ആറു ലക്ഷം യൂണിറ്റ് ശേഷിയോടെയാണ് ആദ്യ അസംബ്ലി ലൈൻ തുറക്കുക. മൂന്നു മാസത്തിനുള്ളിൽ ആറു ലക്ഷം യൂണിറ്റ് തന്നെ വാർഷിക ഉൽപ്പാദനശേഷിയുള്ള രണ്ടാമത്തെ അസംബ്ലി ലൈനും പ്രവർത്തനം തുടങ്ങും.

എച്ച് എം എസ് ഐയ്ക്കായി യന്ത്രഘടകങ്ങൾ നിർമിക്കുന്ന 22 വെണ്ടർമാരും സപ്ലയർമാരും വിത്തർപൂരിൽ സ്വന്തം ഉൽപ്പാദനകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണു പ്രതീക്ഷ. ഈ വിഭാഗത്തിൽ 900 കോടി രൂപയുടെ അധിക നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ സ്കൂട്ടർ നിർമാണത്തിനുള്ള 97% ഘടകങ്ങളും പ്രാദേശികമായി സമാഹരിക്കുമെന്ന് എച്ച് എം എസ് ഐ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 1.70 ലക്ഷം യൂണിറ്റാണ് എച്ച് എം എസ് ഐയുടെ കയറ്റുമതി. നിലവിൽ പ്രതിവർഷം 1.60 കോടി ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്; പ്രതിവർഷം 10% വളർച്ചയും ഇരുചക്രവാഹന വിൽപ്പനയിൽ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 26% വിഹിതമുള്ള എച്ച് എം എസ് ഐയ്ക്ക് സ്കൂട്ടറുകളിലെ വിഹിതം 59 ശതമാനത്തോളമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം സ്കൂട്ടർ വിൽപ്പനയിൽ 20% വളർച്ച കൈവരിക്കാൻ കമ്പനിക്കു കഴിഞ്ഞെന്ന് ശ്രീധർ അവകാശപ്പെട്ടു. സ്കൂട്ടർ വിഭാഗത്തിലെ ശരാശരി വളർച്ചയാവട്ടെ ഏഴു ശതമാനത്തോളമായിരുന്നു. ഗുജറാത്ത് ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ എച്ച് എം എസ് ഐയുടെ മൊത്തം ഇരുചക്രവാഹന ഉൽപ്പാദനശേഷി പ്രതിവർഷം 58 ലക്ഷം യൂണിറ്റിലെത്തും. കമ്പനി ഇന്ത്യയിൽ നടത്തിയ നിക്ഷേപമാവട്ടെ 6,200 കോടി രൂപയോളവുമാകും. മനേസാർ(ഹരിയാന), തപുകര(രാജസ്ഥാൻ), നരസാപൂർ(കർണാടക) എന്നിവിടങ്ങളിലാണ് നിലവിൽ എച്ച് എം എസ് ഐയ്ക്ക് നിർമാണശാലകളുള്ളത്; യഥാക്രമം 16 ലക്ഷം, 12 ലക്ഷം, 18 ലക്ഷം യൂണിറ്റ് വീതമാണ് ഈ ശാലകളുടെ വാർഷിക ഉൽപ്പാദനശേഷി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.