Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരക്കോടിയുടെ തിളക്കത്തോടെ ഹോണ്ട ‘സി ബി ഷൈൻ’

Honda CB Shine SP

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ എക്സിക്യൂട്ടീവ് കമ്യൂട്ടർ ബൈക്കായ ‘സി ബി ഷൈൻ 125’ ഉൽപ്പാദനം അരക്കോടിയിലെത്തി. രാജസ്ഥാനിലെ തപുകര ശാലയിൽ നിന്നാണ് ഇന്ത്യയിൽ നിർമിച്ച 50,00,000—ാമത് ‘സി ബി ഷൈൻ’ നിരത്തിലെത്തിയത്. ഈ ഉജ്വല നേട്ടത്തിന്റെ ആഘോഷമായി എച്ച് എം എസ് ഐ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പുലർത്തുന്ന ‘സി ബി ഷൈൻ 125’ പുറത്തിറക്കി. ഓട്ടമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ സംവിധാനത്തോടെ എത്തുന്ന ‘സി ബി ഷൈൻ’ ഹോണ്ട ശ്രേണിയിൽ ഭാരത് സ്റ്റേജ് നാല് നിലവാരം കൈവരിക്കുന്ന മൂന്നാമതു മോഡലുമായി.

പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപുമായുള്ള മത്സരം കനത്തതോടെ എച്ച് എം എസ് ഐ സ്കൂട്ടറുകൾക്കൊപ്പം മോട്ടോർ സൈക്കിൾ ഉൽപ്പാദനശേഷിയും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ സുപ്രധാനവും വേഗമേറിയ വളർച്ച കൈവരിക്കുന്നതുമായ വിപണിയാണ് ഇന്ത്യയെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു അറിയിച്ചു. വളർച്ച ലക്ഷ്യമിട്ടുള്ള ഈ മുന്നേറ്റത്തിനിടെയാണ് ‘സി ബി ഷൈൻ 125’ പുതിയ നാഴികക്കല്ല് പിന്നിട്ടത്.
ദശാബ്ദത്തിലേറെ കാലത്തെ പാരമ്പര്യമുള്ള ‘സി ബി ഷൈൻ’ കമ്പനിയുടെ മോട്ടോർ സൈക്കിൾ ശ്രേണിയിലെ താരമാണെന്നായിരുന്നു എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയയുടെ പ്രതികരണം.

മോട്ടോർ സൈക്കിൾ വിപണിയിലെ കമ്യൂട്ടർ വിഭാഗത്തിൽ ഹീറോ മോട്ടോ കോർപ് ആധിപത്യം നിലനിർത്തുന്നുണ്ടെങ്കിലും 125 സി സി വിഭാഗത്തിൽ ‘ഷൈനി’നാണു നേതൃസ്ഥാനമെന്നാണ് എച്ച് എം എസ് ഐയുടെ അവകാശവാദം. ഇപ്പോൾ നിരത്തിലെത്തിയ ‘2017 സി ബി ഷൈൻ പ്രീമിയം അപ്ഗ്രേഡി’നു കരുത്തേകുന്നത് 124.73 സി സി, സിംഗിൾ സിലണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ്. 7500 ആർ പി എമ്മിൽ പരമാവധി 10.16 ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 10.30 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
പതിനൊന്നു വർഷം മുമ്പ് 2006 ഏപ്രിലിലായിരുന്നു ‘സി ബി ഷൈനി’ന്റെ ഇന്ത്യയിലെ അരങ്ങേറ്റം. 2008 — 09ൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന 125 സി സി ബൈക്കായി ‘ഷൈൻ’ മാറി. നിർമാണം തുടങ്ങി 54 മാസം പിന്നിടുമ്പോൾ 2010 ഒക്ടോബറിൽ ‘ഷൈൻ’ 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. തുടർന്നുള്ള 20 ലക്ഷം യൂണിറ്റ് 41 മാസത്തിനുള്ളിൽ 2014 ഏപ്രിലിലും അടുത്ത 20 ലക്ഷം യൂണിറ്റ് നിർമാണം കഴിഞ്ഞ മാസവും പുർത്തിയായതായി എച്ച് എം എസ് ഐ അറിയിച്ചു.  

Your Rating: