Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില വർധനയ്ക്കൊരുങ്ങി ഹ്യുണ്ടേയും നിസാനും

Hyundai Creta Creta

പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുമെന്നു കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും(എച്ച് എം ഐ എൽ) ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയും. പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള വർധനയ്ക്കാണു ഹ്യുണ്ടേയ് തയാറെടുക്കുന്നത്. വർഷാന്ത്യത്തിൽ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണു വിപണിയിൽ നിലനിൽക്കുന്നതെന്നു കമ്പനി സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഉൽപ്പാദനചെലവിലെ വർധന, വിദേശനാണ്യ വിനിമയ നിരക്കിലെ ചാഞ്ചാട്ടം, വിപണന ചെലവിലെ വർധന തുടങ്ങിയവയെല്ലാമാണു വാഹന വില കൂടാൻ വഴി തെളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എൻട്രി ലവൽ മോഡലായ ‘ഇയോൺ’ മുതൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെയുള്ളവയ്ക്കു ജനുവരി ഒന്നിനു വിലയേറും; പരമാവധി ഒരു ലക്ഷം രൂപ വരെയാണു വില ഉയരുകയെന്നും അദ്ദേഹം അറിയിച്ചു.

ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കുന്നതെന്നാണ് ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ അറിയിച്ചത്. ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ വാഹനങ്ങളുടെ വിലയും പുതുവർഷത്തിൽ ഉയരുമെന്നു കമ്പനി അറിയിച്ചു. ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വിവിധ മോഡലുകളുടെ വിലയിൽ 30,000 രൂപയുടെ വരെ വർധനയാണു നിലവിൽവരുന്നത്.

കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത വസ്തുക്കളുടെ വിലയിൽ നേരിട്ടതു വൻവർധനയാണെന്നു നിസ്സാൻ വിശദീകരിച്ചു. ഇതോടെ ഉൽപ്പാദനചെലവ് കുത്തനെ ഉയർന്നു. വ്യവസായത്തിലെ മത്സരക്ഷമത വർധിപ്പിക്കാനും ഉയർന്ന ഉൽപ്പാദന ചെലവ് വീണ്ടെടുക്കാനുമാണ് ഇപ്പോൾ വില വർധന നടപ്പാക്കുന്നതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര വിശദീകരിച്ചു.
ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനാണ് പുതുവർഷത്തിൽ പ്രാബല്യത്തിലെത്തുന്ന വില വർധന ആദ്യം പ്രഖ്യാപിച്ചത്. ഉൽപ്പാദന ചെലവ് ഉയർന്നതും വിനിമയ നിരക്കിൽ യെന്നിനു തുടർച്ചയായി മൂല്യമേറിയതുമൊക്കെയാണു വില വർധനയ്ക്കു കമ്പനി നിരത്തിയ ന്യായീകരണങ്ങൾ. 

Your Rating: