Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായ് ‘ക്രേറ്റ’യുടെ വില വർധിപ്പിച്ചു

Hyundai Creta

ജനപ്രീതിയാർജിച്ചു മുന്നേറുന്ന കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ക്രേറ്റ’യുടെ വിലയിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വർധന വരുത്തി. മഹീന്ദ്രയുടെ ‘സ്കോർപിയോ’യും ഫോഡിന്റെ ‘ഇകോസ്പോർട്ടും’ റെനോയുടെ ‘ഡസ്റ്ററും’ പോലുള്ള എതിരാളികളിൽ നിന്നുള്ള ശക്തമായ വെല്ലുവിളി അതിജീവിച്ചു തകർപ്പൻ വിൽപ്പനയാണ് ‘ക്രേറ്റ’ സ്വന്തമാക്കിയത്. ഇതിന്റെ ആത്മവിശ്വാസത്തിലാവണം ‘ക്രേറ്റ’യുടെ വിവിധ വകഭേദങ്ങളുടെ വില 10,000 മുതൽ 20,000 രൂപ വരെയാണു ഹ്യുണ്ടായ് വർധിപ്പിച്ചത്.

‘ക്രേറ്റ’യുടെ വിവിധ വകഭേദങ്ങളുടെ പുതിയ വില(പഴയ വില ബ്രാക്കറ്റിൽ)(വിലകൾ ലക്ഷം രൂപയിൽ):

പെട്രോൾ: ബേസ് — 8.69(8.59), എസ് — 9.67(9.57), എസ് എക്സ് പ്ലസ് — 11.29(11.19).

ഡീസൽ: ബേസ് — 9.56(9.46), എസ് — 10.52(10.42), എസ് പ്ലസ് — 11.55(11.45), എസ് എക്സ് — 11.79(11.59), എസ് എക്സ് പ്ലസ് — 12.77(12.67), എസ് എക്സ് പ്ലസ്(എ ടി) — 13.77(13.57), എസ് എക്സ് (ഒ) — 13.80(13.60).

കഴിഞ്ഞ ജൂലൈയിൽ അരങ്ങേറ്റം കുറിച്ചതു മുതൽ പ്രതിമാസ വിൽപ്പനയിൽ ക്രമാനുഗത വളർച്ച കൈവരിച്ചാണു ‘ക്രേറ്റ’യുടെ മുന്നേറ്റം. ശരാശരി 7,500 യൂണിറ്റിന്റെ വിൽപ്പനയാണു ‘ക്രേറ്റ’ രേഖപ്പെടുത്തുന്നത്; ഇതു പ്രതീക്ഷകൾക്കപ്പുറമുള്ള വിജയമാണെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തന്നെ അംഗീകരിക്കുന്നു. ഇതുവരെ കമ്പനിക്കു പേരിനു പോലും സാന്നിധ്യമില്ലാതിരുന്ന വിഭാഗത്തിലാണു ‘ക്രേറ്റ’യുടെ ഈ അശ്വമേധമെന്നതും ഹ്യുണ്ടായിയെ ഏറെ ആഹ്ലാദിപ്പിക്കുന്നു.

അവതരണത്തിനു മുന്നോടിയായി പതിനായിരത്തിലേറെ ബുക്കിങ്ങുകൾ സ്വന്തമാക്കാൻ ‘ക്രേറ്റ’യ്ക്കായി. അരങ്ങേറ്റം കഴിഞ്ഞതോടെ ബുക്കിങ്ങുകളുടെ എണ്ണം ഇതിന്റെ നാലിരട്ടിയായി വളരുകയും ചെയ്തു. ഇതോടെ മാനുവൽ ട്രാൻസ്മിഷനുള്ള ‘ക്രേറ്റ’ ലഭിക്കാൻ തന്നെ മൂന്നും നാലും മാസം കാത്തിരിക്കേണ്ട സ്ഥിതിയായി. ഡീസൽ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുള്ള ‘ക്രേറ്റ’ കിട്ടാനുള്ള കാത്തിരിപ്പ് ആറു മുതൽ എട്ടു മാസം വരെ നീളും.

മൂന്ന് എൻജിൻ സാധ്യതകളോടെയാണു ‘ക്രേറ്റ’യുടെ വരവ്: 1.6 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.6 ലീറ്റർ ഡീസൽ. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ് പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിനുകൾക്കു കൂട്ട്. ശേഷിയേറിയ ഡീസൽ എൻജിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.