Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രേറ്റ’ വിൽപ്പന 80,000 യൂണിറ്റിലെത്തിയെന്നു ഹ്യുണ്ടേയ്

Hyundai Creta

നിരത്തിലിറങ്ങി ആദ്യ വർഷം പൂർത്തിയാവുമ്പോഴേക്ക് ഹ്യുണ്ടേയിൽ നിന്നുള്ള കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’യുടെ വിൽപ്പന 80,000 യൂണിറ്റിലേക്ക്. 2015 ജൂലൈയിൽ അരങ്ങേറിയ ‘ക്രേറ്റ’യുടെ കഴിഞ്ഞ മാസം വരെയുള്ള മൊത്തം വിൽപ്പന തന്നെ 78,857 യൂണിറ്റാണ്. പോരെങ്കിൽ അവതരണം കഴിഞ്ഞ് എട്ടു മാസത്തിനകം തന്നെ ഒരു ലക്ഷം യൂണിറ്റിന്റെ ബുക്കിങ് സ്വന്തമാക്കി പുതിയ ചരിത്രം സൃഷ്ടിക്കാനും ‘ക്രേറ്റ’യ്ക്കു കഴിഞ്ഞു. മൂന്ന് എൻജിൻ സാധ്യതകളോടെയാണു ‘ക്രേറ്റ’ വിപണിയിലുള്ളത്: 1.6 ലീറ്റർ ഗാമ വി ടി വി ടി പെട്രോൾ, 1.4 ലീറ്റർ യു ടു സി ആർ ഡി ഐ ഡീസൽ, 1.6 ലീറ്റർ സി ആർ ഡി ഐ ഡീസൽ. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളോടെയായിരുന്നു ‘ക്രേറ്റ’യുടെ വരവ്; ശേഷിയേറിയ 1.6 ലീറ്റർ പെട്രോൾ എൻജിനൊപ്പം മാത്രമാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമായിരുന്നത്. എന്നാൽ വിപണിയുടെ വിപണിയുടെ താൽപര്യം പരിഗണിച്ച് പെട്രോൾ എൻജിനൊപ്പവും കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് ഇക്കൊല്ലം ആദ്യം മുതൽ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചിട്ടുണ്ട്.

ഹെഡ്ലാംപിന്റെയും മുൻ ഗ്രില്ലിന്റെയും ഉയർന്ന വെയ്സ്റ്റ്ലൈനിന്റെയും ടെയിൽ ലൈറ്റിന്റെയുമൊക്കെ സവിശേഷത നിർവചിക്കുന്ന ഫ്ളയിഡിക് സ്കൾപ്ചർ 2.0 ആണു ‘ക്രേറ്റ’യ്ക്കായി ഹ്യുണ്ടേയ് തിരഞ്ഞെടുത്തത്. മികച്ച നിലവാരമുള്ള ഇൻസുലേഷൻ വസ്തുക്കളും നൂതന എൻജിനീയറിങ്ങും എൻജിൻ രൂപകൽപ്പനയിലെയും ട്രാൻസ്മിഷനിലെയും ബോഡി ഘടനയിലെയുമൊക്കെ മികവും ചേരുന്നതോടെ നോയ്സ് വൈബ്രേഷൻ ഹാർഷ്നെസ്(എൻ വി എച്ച്) നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കമ്പനിക്കു കഴിഞ്ഞു. വിപണി മികച്ച വരവേൽപ് നൽകുകയും വിൽപ്പന കുതിച്ചുയരുകയും ചെയ്തതോടെ ബുക്ക് ചെയ്തവർക്കു ‘ക്രേറ്റ’ ലഭിക്കാനുള്ള കാത്തിരിപ്പും നീണ്ടിട്ടുണ്ട്; ചില വകഭേദങ്ങൾ ലഭിക്കാൻ ആറു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതോടെ ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 10,000 യൂണിറ്റായി വർധിപ്പിക്കാനും ഹുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, വിദേശ വിപണികളിലും ‘ക്രേറ്റ’യ്ക്ക് സ്വീകാര്യതയേറുന്ന സാഹചര്യത്തിൽ ഉൽപ്പാദനം 20% കൂടി വർധിപ്പിക്കാനും ഹ്യുണ്ടേയ് ആലോചിക്കുന്നുണ്ട്.  

Your Rating: