Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹ്യുണ്ടായിക്ക് കോംപറ്റീഷൻ കമ്മിഷന്റെ 420 കോടി പിഴ ശിക്ഷ

Hyundai

കോംപറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ചതിന് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി സി ഐ) 420 കോടി രൂപ പിഴശിക്ഷ വിധിച്ചു. പൊതുവിപണിയിൽ സ്പെയർ പാർട്സ് വിൽപ്പന നിയന്ത്രിച്ചതു പോലുള്ള വീഴ്ചകളുടെ പേരിൽ വാഹന നിർമാതാക്കളായ മഹീന്ദ്ര രേവ ഇലക്ട്രിക് കാർ കമ്പനി പ്രൈവറ്റ് ലിമിറ്റഡും പ്രീമിയർ ലിമിറ്റഡും കുറ്റക്കാരാണെന്നും കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഉത്തരവ് കൈപ്പറ്റി 60 ദിവസത്തിനകം പിഴയടയ്ക്കാനും ഹ്യുണ്ടായിയോടു കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പെയർ പാർട്ടുകൾ പൊതു വിപണിയിൽ ലഭ്യമാവുന്നതു തടയുംവിധമുള്ള വ്യവസ്ഥകളാണ് വിവിധ വാഹന നിർമാതാക്കൾ ഒറിജിനൽ എക്വിപ്മെന്റ് സപ്ലയർമാരും അംഗീകൃത വാഹന വ്യാപാരികളുമായുള്ള കരാറുകളിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണു സി സി ഐയുടെ വിലയിരുത്തൽ. കമ്പനികളുടെ ഈ നടപടി കോംപറ്റീഷൻ നിയമത്തിലെ 3(4) വകുപ്പിന്റെ ലംഘനമാണെന്നാണു കമ്മിഷന്റെ നിഗമനം.

സ്വതന്ത്ര വർക്ഷോപ്പുകൾക്കു വിപണിയിൽ നിന്നു സ്പെയർ പാർട്സ് ലഭിക്കുന്നതു തടയാനും കമ്പനികൾ ശ്രമിച്ചതായി കമ്മിഷൻ കരുതുന്നു. സ്പെയർ പാർട്സിന്റെയും ഡയഗ്ണോസ്റ്റിക് ടൂൾസിന്റെയും കാര്യത്തിൽ നിർമാതാക്കൾക്കുണ്ടായിരുന്ന മേധാവിത്തം വിപണിയിലെ ന്യായമായ മത്സരത്തെ അട്ടിമറിക്കാൻ കമ്പനികൾ ദുർവിനിയോഗം ചെയ്തതായും സി സി ഐ വിലയിരുത്തുന്നു.

രേവയും പ്രീമിയറും സമർപ്പിച്ച വിശദീകരണങ്ങൾ തൃപ്തികരമെന്നു കണ്ടെത്തിയതിനാലാണ് ഇരുകമ്പനികളെയും കമ്മിഷൻ പിഴശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം നിയമത്തിലെ നാലാം വകുപ്പ് വിഭാവന ചെയ്യും പ്രകാരം വിൽപ്പനാന്തര സേവനത്തിൽ തങ്ങൾക്കുള്ള മേധാവിത്തം മൂന്നു നിർമാതാക്കളും ദുർവിനിയോഗം ചെയ്തെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സമാന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിയമത്തിലെ 27—ാം വകുപ്പു പ്രകാരം കഴിഞ്ഞ ഓഗസ്റ്റ് 25നു കമ്മിഷൻ മാരുതി സുസുക്കിയടക്കം 14 നിർമാതാക്കൾക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഉത്തരവെയെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം പരിഗണിക്കാൻ കമ്മിഷനുള്ള അധികാരത്തെ ചോദ്യം ചെയ്തു ഹ്യുണ്ടായ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഈ ഉത്തരവ് വൈകിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.