Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഐ 10’ ഉൽപ്പാദനം നിർത്തിയേക്കുമെന്നു ഹ്യുണ്ടേയ്

I20 Hyundai I 10

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ചെറു കാറായ ‘ഐ 10’ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. 2007ൽ അരങ്ങേറ്റം കുറിച്ച കാറാണ് ദശാബ്ദത്തിനൊടുവിൽ ഇന്ത്യൻ വിപണിയോടു വിട പറയുന്നത്. ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 16.95 ലക്ഷം ‘ഐ 10’ വിറ്റുപോയെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഹ്യുണ്ടേയിയെ സഹായിച്ച മോഡലുമാണ് ‘ഐ 10’.

പകരക്കാരനായി അവതരിപ്പിച്ച ‘ഗ്രാൻഡ് ഐ 10’ വിജയം നേടിയ സാഹചര്യത്തിലാണ് ഹ്യുണ്ടേയ് ‘ഐ 10’ ഉൽപ്പാദനം നിർത്തുന്നത്. 2013 മധ്യത്തിൽ നിരത്തിലെത്തിയ ‘ഗ്രാൻഡ് ഐ 10’ വിൽപ്പനയിൽ സ്ഥിരത കൈവരിച്ചു മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ ‘ഐ 10’ ഉൽപ്പാദനം അവസാനിപ്പിച്ചതായി ഹ്യുണ്ടേയ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഐ ടെന്നി’നു പകരക്കാരനായിട്ടാണ് ‘ഗ്രാൻഡ് ഐ 10’ അരങ്ങേറിയതെങ്കിലും ഫ്ളീറ്റ് ഓപ്പറേറ്റർമാർ അടക്കം ആവശ്യക്കാർ ഏറെയുള്ളതിനാൽ ഹ്യുണ്ടേയ് പഴയ മോഡൽ നിലനിർത്തുകയായിരുന്നു. എന്നാൽ പ്രീമിയം മോഡലുകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയെന്ന നിലയിലാണ് ഇന്ത്യൻ കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് ഇപ്പോൾ ‘ഐ 10’ ഉൽപ്പാദനം അവസാനിപ്പിക്കുന്നത്.

അടുത്ത മൂന്നു വർഷത്തിനിടെ എട്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു ഹ്യുണ്ടേയ് തീരുമാനിച്ചിരിക്കുന്നത്; ഇതിൽ മൂന്നെണ്ണം പുതിയവയും ബാക്കി നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളുമാവുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം സങ്കര ഇന്ധന വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും ഹ്യുണ്ടേയിക്കു പദ്ധതിയുണ്ട്. അടുത്ത വർഷം ‘അയോണിക്’ അവതരിപ്പിച്ചാവും കമ്പനി ഈ വിഭാഗത്തിൽ പ്രവേശിക്കുക. ഒപ്പം കോംപാക്ട് കാറുകളുടെയും എസ് യു വികളുടെയും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾ പുറത്തിറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

Your Rating: