Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 ലക്ഷം പിന്നിട്ട് ഇന്ത്യയിലെ ‘എലീറ്റ് ഐ 20’ വിൽപ്പന

Hyundai Elite i20

പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’ ആഭ്യന്തര വിൽപ്പനയിൽ 15 ലക്ഷം യൂണിറ്റ് എന്ന ഉജ്വല നേട്ടം കൈവരിച്ചതായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). 2014 മാർച്ചിൽ നിരത്തിലെത്തിയ കാറിന് പ്രീമിയം കോംപാക്ട് വിഭാഗത്തിൽ 66% വിപണി വിഹിതമുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. കാറിന് ഇന്ത്യൻ വിപണി നൽകിയ വരവേൽപ്പ് അതിശയിപ്പിക്കുന്നതണെന്ന് എച്ച് എം ഐ എൽ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഹ്യുണ്ടേയ് ഉൽപന്നങ്ങളോട് ഇന്ത്യൻ വിപണിക്കുള്ള താൽപര്യവും അടിയുറച്ച വിശ്വാസവുമാണ് ‘എലീറ്റ് ഐ 20’ കൈവരിച്ച ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

ഡീസൽ, പെട്രോൾ എൻജിനുകളോടെ മൊത്തം 10 വകഭേദങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ ‘എലീറ്റ് ഐ 20’ വിൽപ്പനയ്ക്കുള്ളത്. 5.35 ലക്ഷം മുതൽ 8.10 ലക്ഷം രൂപ വരെയാണു കാറിന്റെ വിവിധ വകഭേദങ്ങളുടെ വില. കാറിലെ 1.2 ലീറ്റർ പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ; പരമാവധി 83 പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം 1.4 ലീറ്റർ ഡീസൽ എൻജിനു കൂട്ടായെത്തുന്നത് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്; 90 പി എസ് വരെയാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന കരുത്ത്. ഇന്ത്യൻ വിപണിയിൽ മാരുതി ‘ബലേനൊ’, ഫോക്സ്വാഗൻ ‘പോളോ’, ഹോണ്ട ‘ജാസ്’ തുടങ്ങിയവരോടാണ് ‘എലീറ്റ് ഐ 20’ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ വിപണി കീഴടക്കിയതിനു പുറമെ ആഗോളതലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ കാറിനു കഴിഞ്ഞെന്നാണു ഹ്യുണ്ടേയിയുടെ വിലയിരുത്തൽ. ഇന്ത്യയുടെ കാർ നിർമാണ മികവിനുള്ള സാക്ഷ്യപത്രം കൂടിയാണു വിദേശ വിപണികളിൽ ‘എലീറ്റ് ഐ 20’ നേടിയ വിജയമെന്നും കമ്പനി കരുതുന്നു. അതിനിടെ ഇന്ത്യയിൽ ഇതുവരെ എച്ച് എം ഐ എൽ കൈവരിച്ച മൊത്തം വാഹന വിൽപ്പന 40 ലക്ഷം യൂണിറ്റ് പിന്നിട്ടു. ‘ടോൾബോയ്’ വിഭാഗത്തിൽപെട്ട ‘സാൻട്രോ’യുമായി ഇന്ത്യയിലെത്തി 19 വർഷം പിന്നിടുമ്പോഴാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്.

ഇതോടൊപ്പം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയും ഒക്ടോബറിൽ ഹ്യുണ്ടേയ് മോട്ടോർ നേടി. 2014 ഒക്ടോബറിൽ വിറ്റ 56,019 യൂണിറ്റിനെ അപേക്ഷിച്ച് 23.7% വർധനയോടെ മൊത്തം 61,972 വാഹനങ്ങളാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. 2014 ഒക്ടോബറിൽ ആഭ്യന്തര വിപണിയിൽ 38,010 കാർ വിറ്റ എച്ച് എം ഐ എൽ 18,009 എണ്ണം കയറ്റുമതി ചെയ്തിരുന്നു. കഴിഞ്ഞ മാസമാവട്ടെ 47,015 കാറുകളായിരുന്നു ആഭ്യന്തര വിപണിയിലെ വിൽപ്പന; കയറ്റുമതി 14,777 യൂണിറ്റും. പുത്തൻ എസ് യു വിയായ ‘ക്രേറ്റ’, ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’ എന്നിവ ചേർന്ന് ഇരുപതിനായിരത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു കഴിഞ്ഞ മാസം നേടിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.