Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രേറ്റ’ ഉൽപ്പാദനം വർധിപ്പിക്കുമെന്നു ഹ്യുണ്ടേയ്

creta-main

ആഭ്യന്തര, വിദേശ വിപണികളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചു കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ക്രേറ്റ’യുടെ ഉൽപ്പാദനം ഉയർത്തുന്നു. നവംബർ മുതൽ ‘ക്രേറ്റ’യുടെ പ്രതിമാസ ഉൽപ്പാദനം 10,000 യൂണിറ്റായാണ് ഉയർത്തുക; കഴിഞ്ഞ മാസം 9,020 ‘ക്രേറ്റ’ ഉൽപ്പാദിപ്പിച്ച സ്ഥാനത്താണിത്.

creta-2

കഴിഞ്ഞ മാസമാണു ഹ്യുണ്ടായ് ഇന്ത്യയിൽ നിർമിച്ച ‘ക്രേറ്റ’യുടെ കയറ്റുമതി തുടങ്ങിയത്; മധ്യപൂർവ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കുമായി 3,800 യൂണിറ്റാണ് ആദ്യമായി കപ്പൽ കയറിയത്. ഈ വിപണികളിൽ നിന്ന് 15,770 ‘ക്രേറ്റ’യ്ക്കുള്ള ഓർഡറാണു നിലവിൽ എച്ച് എം ഐ എല്ലിന്റെ പക്കലുള്ളത്. ആഭ്യന്തര വിപണിയിൽ ലഭിച്ച മികച്ച സ്വീകരണം കൂടിയാവുന്നതോടെ ആകെ ഏഴുപതിനായിരത്തിലേറെ ഉപയോക്താക്കളാണു ‘ക്രേറ്റ’യ്ക്കായി ബുക്കിങ് നടത്തി കാത്തിരിക്കുന്നത്. എച്ച് എം ഐ എൽ മോഡൽ ശ്രേണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ‘ക്രേറ്റ’യുടെ കഴിഞ്ഞ മാസത്തെ ആഭ്യന്തര വിൽപ്പന 7,225 യൂണിറ്റായിരുന്നു. മൂന്ന് എൻജിൻ സാധ്യതകളോടെയാണു ‘ക്രേറ്റ’ വിൽപ്പനയ്ക്കുള്ളത്: 1.6 ഗാമ വി ടി വി ടി, 1.6 യു ടു സി ആർ ഡി ഐ വി ജി ടി, 1.4 യു ടു സി ആർ ഡി ഐ.

Creta

ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലുള്ള എച്ച് എം ഐ എൽ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 6.80 ലക്ഷം യൂണിറ്റാണ്. നിലവിൽ ഈ ശാലയുടെ സ്ഥാപിത ശേഷിയുടെ 98 ശതമാനത്തോളം ഹ്യുണ്ടായ് വിനിയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും മോഡലിന്റെ ഉൽപ്പാദനം വർധിപ്പിക്കേണ്ട ഘട്ടത്തിൽ മറ്റൊരു മോഡലിനെ തഴയേണ്ട സ്ഥിതിയിലാണു കമ്പനി.

Creta

ഉൽപ്പാദനത്തിലെ ഈ പരിമിതി മറികടക്കാൻ ഇന്ത്യയിൽ പുതിയ നിർമാണശാല സ്ഥാപിക്കാനും ഹ്യുണ്ടേയ് ഒരുങ്ങുന്നുണ്ട്. നിർമാണത്തിലെ പരിമിതികളുടെ ഫലമായി ഒക്ടോബറിലെ കയറ്റുമതിയിൽ കമ്പനിക്ക് 18.4% ഇടിവു നേരിട്ടിരുന്നു; ഏപ്രിൽ — ഒക്ടോബർ കാലത്തെ കയറ്റുമതിയിലാവട്ടെ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 12.66% ഇടിവും നേരിട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.