Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്ര സ്മാരകങ്ങൾ രക്ഷിക്കാൻ എ എസ് ഐയ്ക്കൊപ്പം ഹ്യുണ്ടേയ്

save-our-heritage-csr-initiative

ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ) രംഗത്ത്. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടി(സി എസ് ആർ)യുടെ ഭാഗമായാണ് രാജ്യത്തെ കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് ‘ഹാപ്പി മൂവ് ഇൻ ഇന്ത്യ’ അവതരിപ്പിച്ചത്. രാജ്യത്തെ പുരാവസ്തുക്കളുടെ സംരക്ഷകരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ എസ് ഐ)യുമായി സഹകരിച്ചാണ് ഈ പദ്ധതി. പരിപാടിയുടെ ഭാഗമായി ജനുവരെ 21 വരെ നടത്തുന്ന അവയർനെസ് ഡ്രൈവിൽ 100 ഹാപ്പി മൂവ് ഗ്ലോബൽ യൂത്ത് വളന്റിയർമാരാണു പങ്കെടുക്കുക; ഇവരിൽ 80 പേർ കൊറിയയിൽ നിന്നും ബാക്കിയുള്ളവർ ഇന്ത്യയിൽ നിന്നുമാണ്. ഡൽഹിയിലെ സംരക്ഷിത സ്മാരകങ്ങളായ സഫ്ദർജങ് ശവകുടീരം, ഫിറോസ്ഷാ കോട്ല, കുത്തബ് മിനാർ, ഓൾഡ് ഫോർട്ട് തുടങ്ങിയവയെ ബന്ധിപ്പിച്ചാണ് ഡ്രൈവ്.

വളന്റിയർമാരുടെ നേതൃത്വത്തിൽ സംരക്ഷിത സ്മാരകങ്ങളിലെ സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി നടത്തുകയും പൂന്തോട്ടങ്ങൾ പരിപാലിക്കുകയും ചെയ്യും. കൂടാതെ സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സന്ദർശകർക്കായി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഇതിനു പുറമെ വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണത്തിനായി വളന്റിയർമാർ ചാണക്യപുരി, ദാരിയഗഞ്ച്, മെഹ്റൗളി, ഐ എൻ എ കോളനി എന്നിവിടങ്ങളിലെ സർവോദയ സ്കൂളുകളും സന്ദർശിക്കും. ഉത്തരവാദിത്തബോധമുള്ള കാർ നിർമാതാക്കളെന്നതിനൊപ്പം ഇന്ത്യയിൽ ഏറെ സ്നേഹവും വിശ്വാസവും നേടിയ ബ്രാൻഡുമാണു ഹ്യുണ്ടേയിയെന്നു കമ്പനി മാനേജിങ് ഡയറക്ടർ വൈ കെ കൂ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ നമുക്ക് ചുറ്റുമുള്ള ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുന്നതും സംരക്ഷിക്കുന്നതും കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹ്യുണ്ടേയിയുടെ നേതൃത്വത്തിൽ ഇതു 16—ാം തവണയാണു കൊറിയയിൽ നിന്നുള്ള വളന്റിയർമാർ സാമൂഹിക സേവന പരിപാടികളിൽ പങ്കാളിത്തം വഹിക്കാൻ ഇന്ത്യ സന്ദർശിക്കുന്നത്. ഹ്യുണ്ടേയിയുടെ സി എസ് ആർ വഴി കൊറിയയിൽ നിന്ന് ഇതുവരെ മൂവായിരത്തിലേറെ വളന്റിയർമാർ ഇന്ത്യയിലെത്തിയിട്ടുണ്ട്.